മുത്തശ്ശി വിദ്യാർഥിനി 99-ാം വയസിൽ അന്തരിച്ചു
Friday, November 18, 2022 11:17 PM IST
നയ്റോബി: ലോകത്തിലെ ഏറ്റവും പ്രായംകൂടിയ സ്കൂൾ വിദ്യാർഥിയെന്നു കരുതുന്ന പ്രസില്ല സിറ്റിനെയ് 99-ാം വയസിൽ കെനിയയിൽ അന്തരിച്ചു.
അടുത്തയാഴ്ചത്തെ ഏഴാം ക്ലാസ് പരീക്ഷയ്ക്കു തയാറെടുക്കുന്നതിനിടെ ആരോഗ്യനില മോശമായ പ്രസില്ലയുടെ മരണം ബുധനാഴ്ചയായിരുന്നു. നാൻഡി കൗണ്ടിയിലെ ലീഡേഴ്സ് വിഷൻ പ്രിപ്പറേറ്ററി സ്കൂളിലാണു പഠിച്ചിരുന്നത്.
സ്കൂൾ വിദ്യാഭ്യാസത്തിന് അവസരം ലഭിക്കാതിരുന്ന ഒട്ടനവധിപ്പേർക്കു പ്രചോദനമായിരുന്നു പ്രസില്ല. കെനിയ ഇംഗ്ലീഷുകാരുടെ ഭരണത്തിലായിരിക്കേ സ്വാതന്ത്ര്യപ്പോരാട്ടങ്ങൾ കണ്ടുവളർന്ന അവർക്ക് സ്കൂളിൽ പോകാൻ പറ്റിയിരുന്നില്ല.
65 വർഷത്തോളം സൂതികർമ്മിണിയായി ജോലി ചെയ്തിരുന്ന ഇവർ 2010ലാണ് സ്കൂളിൽ ചേരുന്നത്. സഹപാഠികളിൽ പലരും പ്രസില്ല തന്നെ പ്രസവമെടുത്ത കുട്ടികളായിരുന്നു. മുത്തശ്ശി എന്നർഥമുള്ള ഗോഗോ എന്നാണ് അവരെ എല്ലാവരും വിളിച്ചിരുന്നത്.
ദിവസവും യൂണിഫോം ധരിച്ച് ക്ലാസിലെത്തിയിരുന്ന പ്രസില്ല സ്കൂളിലെ മറ്റു കാര്യങ്ങളിലും സജീവമായിരുന്നു. വിദ്യാഭ്യാസമില്ലാത്ത സ്ത്രീകളെ സ്കൂളിൽ പോകാൻ പ്രേരിപ്പിക്കുകയായിരുന്നു തന്റെ പ്രധാന ലക്ഷ്യമെന്ന് പ്രസില്ല പറഞ്ഞിട്ടുണ്ട്.
ഐക്യരാഷ്ട്രസഭയുടെ സാംസ്കാരിക, വിദ്യാഭ്യാസ ഏജൻസിയായ യുനസ്കോ പ്രസില്ലയെ അഭിനന്ദിച്ചിട്ടുണ്ട്. ഇവരുടെ ജീവതത്തെ ആസ്പദമാക്കി ഗോഗോ എന്ന ഫ്രഞ്ച് സിനിമയും ഇറങ്ങിയിട്ടുണ്ട്.