ജനറൽ ആസിം മുനീർ പാക് പട്ടാളമേധാവി
Friday, November 25, 2022 12:08 AM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ചെലുത്തുന്ന സൈന്യത്തിന്റെ പുതിയ മേധാവിയായി ലഫ്. ജനറൽ ആസിം മുനീർ നിയമിതനായി. പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫിന്റെ നിയമന ഉത്തരവിനെക്കുറിച്ച് വാർത്താവിതരണമന്ത്രി മറിയം ഔറംഗസേബ് ട്വീറ്റ് ചെയ്യുകയായിരുന്നു.
ഇപ്പോഴത്തെ പട്ടാളമേധാവി ജനറൽ ഖമർ ജാവേദ് ബജ്വ 29നാണു സ്ഥാനമൊഴിയുന്നത്. ആസിം മുനീർ നിലവിൽ ആർമി ഹെഡ്ക്വാർട്ടേഴ്സിൽ ക്വാട്ടർമാസ്റ്റർ ജനറലായി സേവനം ചെയ്യുന്നു. പാക്കിസ്ഥാനിലെ അതിശക്ത ചാരസംഘടനകളായ ഐഎസ്ഐയുടെയും മിലിട്ടറി ഇന്റലിജൻസിന്റെയും മേധാവിയായി പ്രവർത്തിച്ചിട്ടുണ്ട്. ജനറൽ ബജ്വയ്ക്കു കീഴിൽ ഇന്ത്യ, അഫ്ഗാൻ, ചൈന അതിർത്തികളിൽ സൈന്യത്തെ നയിച്ച പരിചയവുമുണ്ട്.
1947ൽ രൂപംകൊണ്ട പാക്കിസ്ഥാനിൽ പകുതിക്കാലവും ഭരണം നടത്തിയ സൈന്യത്തിന്റെ പുതിയ മേധാവിയെന്നതു മാത്രമല്ല, പ്രതിപക്ഷനേതാവും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാനുമായുള്ള രസക്കേടും ജനറൽ മുനീറിനെ ശ്രദ്ധേയനാക്കുന്നു. ഇമ്രാൻ പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് മുനീർ ഐഎസ്ഐ മേധാവിയായിരുന്നത്. അദ്ദേഹത്തെ എട്ടുമാസത്തിനകം പദവിയിൽനിന്നു നീക്കംചെയ്യുകയാണ് ഇമ്രാൻ ചെയ്തത്.
ഏപ്രിലിൽ അവിശ്വാസവോട്ടിൽ പരാജയപ്പെട്ട് പ്രധാനമന്ത്രിപദം രാജിവയ്ക്കേണ്ടിവന്ന ഇമ്രാൻ ഖാൻ, തനിക്കെതിരായ നീക്കങ്ങളിൽ ഇപ്പോഴത്തെ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫിനെയും സൈന്യത്തെയും നേരിട്ടു കുറ്റപ്പെടുത്തിയിരുന്നു. സൈന്യത്തെ നിയന്ത്രണത്തിലാക്കാനുള്ള നീക്കമാണ് ഇമ്രാന്റെ പുറത്താകലിനു വഴിവച്ചതെന്ന് വിലയിരുത്തപ്പെടുന്നു.
ഷഹ്ബാസിനും മുനീറിനും കല്ലുകടിയായി ഇമ്രാൻ തുടരുമെന്നുറപ്പാണ്. പ്രധാനമന്ത്രിപദം പോയെങ്കിലും ഇമ്രാനു പാക്കിസ്ഥാനിൽ ശക്തമായ ജനപിന്തുണയുണ്ട്. 2023ലെ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ തിരിച്ചെത്താനുള്ള സാധ്യതയുമുണ്ട്.
ജനറൽ ആസിം മുനീറിന്റെ നിയമനം പ്രസിഡന്റ് ആരിഫ് അൽവി അംഗീകരിക്കേണ്ടതുണ്ട്. പ്രസിഡന്റ് ഇമ്രാൻ ഖാന്റെ പാർട്ടിക്കാരനാണ്.