പാക്കിസ്ഥാനിൽ മതപരിവർത്തന പീഡനമെന്ന്; ഹിന്ദുക്കൾ പ്രതിഷേധറാലി നടത്തും
Tuesday, March 14, 2023 12:50 AM IST
കറാച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി മതപരിവർത്തനം നടത്തുന്നതിനെതിരേ സിന്ധ് പ്രവിശ്യയിലെ ഹിന്ദുക്കൾ ഈ മാസം 30ന് നിയമസഭയിലേക്ക് വൻ പ്രതിഷേധറാലി സംഘടിപ്പിക്കും.
പാക്കിസ്ഥാനിൽ ന്യൂനപക്ഷാവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന സർക്കാരിതര സംഘടനയായ പാക്കിസ്ഥാൻ ദരാവർ ഇത്തെഹാദിന്റെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിക്കുന്നത്.
സിന്ധ് പ്രവിശ്യയിലെ ഹിന്ദുക്കളുടെ ഭൂമി തട്ടിയെടുക്കുന്നതിന്റെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ, ഭരണകൂടം ഇതു കണ്ടില്ലെന്നു നടിക്കുകയാണെന്ന് പാക്കിസ്ഥാൻ ദരാവർ ഇത്തെഹാദ് ചെയർമാൻ ഫക്കീർ ശിവ കുച്ചി പറഞ്ഞു.
പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന ദുരന്തം ലോകത്തിനു മുന്നിലെത്തിക്കുകയാണ് പ്രതിഷേധത്തിന്റെ ലക്ഷ്യം. മതപരിവർത്തന നിരോധനവും ശൈശവവിവാഹ നിരോധനവും നടപ്പിലാക്കാൻ നിയമം കൊണ്ടുവരുന്നതുവരെ പ്രതിഷേധം തുടരുമെന്ന് ശിവ കുച്ചി കൂട്ടിച്ചേർത്തു.
പാക്കിസ്ഥാനിൽ ഓരോ വർഷവും ആയിരത്തിലധികം പെൺകുട്ടികളെ ഭീഷണിപ്പെടുത്തി ഇസ്ലാം മതത്തിലേക്കു മാറ്റുന്നതായി പാക്കിസ്ഥാനിലെ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ടിലുണ്ട്. മതം മാറ്റപ്പെടുന്നവരിൽ ഭൂരിഭാഗവും ഹിന്ദുക്കളാണെന്നും റിപ്പോർട്ടിലുണ്ട്.