ആയിരം യുക്രെയ്ൻ സൈനികരെ കൂടി വധിച്ചെന്ന് റഷ്യൻ മന്ത്രി
Friday, June 9, 2023 12:03 AM IST
മോസ്കോ: റഷ്യൻ മുൻനിര ഭേദിക്കാനായി യുക്രെയ്ൻ സേന വീണ്ടും നടത്തിയ ആക്രമണം പരാജയപ്പെടുത്തിയെന്ന് പ്രതിരോധമന്ത്രി സെർജി ഷോയ്ഗു അവകാശപ്പെട്ടു. ഇന്നലെ വൈകിട്ടു വരെയുള്ള 24 മണിക്കൂറിനിടെ ആയിരത്തോളം യുക്രെയ്ൻ സൈനികർ കൊല്ലപ്പെട്ടു. 30 ടാങ്കുകൾ നശിപ്പിച്ചു.
വ്യാഴാഴ്ച പുലർച്ചെ സാപ്പോറിഷ്യയിലെ റഷ്യൻ പ്രതിരോധനിര ലക്ഷ്യമിട്ട് 150 കവചിത വാഹനങ്ങളിലെത്തി 1,500 ഓളം പട്ടാളക്കാർ ആക്രമണം നടത്തി. പീരങ്കിയും വിമാനവും ടാങ്ക് വേധ മിസൈലുകളും ഉപയോഗിച്ച് റഷ്യ നടത്തിയ ആക്രമണത്തിൽ യുക്രെയ്ൻ സേന നാലുപാടും ചിതറിയോടിയെന്നും ഷോയ്ഗു പറഞ്ഞു.
ഞായറാഴ്ച മുതൽ യുക്രെയ്ൻ സേന പ്രത്യാക്രമണം ആരംഭിച്ചതായി ഷോയ്ഗു നേരത്തേ അറിയിച്ചിരുന്നു. 3700നു മുകളിൽ യുക്രെയ്ൻ സൈനികരെ വധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. റഷ്യയുടെ അവകാശവാദത്തോട് പ്രതികരിക്കാൻ യുക്രെയ്ൻ തയാറായില്ല. യുക്രെയ്ന്റെ പ്രത്യാക്രമണം ഇതുവരെ ആരംഭിച്ചിട്ടില്ലെന്നാണ് അവർ പറയുന്നത്.