കമല തന്നെ സ്ഥാനാർഥി
Tuesday, July 23, 2024 11:15 PM IST
വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ വംശജയായ അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിത്വം ഉറപ്പിക്കാനുള്ള പിന്തുണ ആർജിച്ചു.
പാർട്ടി വോട്ടെടുപ്പിൽ 1,976 പ്രതിനിധികളുടെ പിന്തുണയാണു വേണ്ടത്. ഇതിലും കൂടുതൽ പേർ കമലയെ പിന്തുണയയ്ക്കുന്നതായി വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് നടത്തിയ സർവേയിൽ വ്യക്തമായി.
ഡെമോക്രാറ്റിക് പാർട്ടിയിൽ അടുത്തമാസം ഒന്നുമുതൽ ഏഴുവരെ നടക്കുന്ന വോട്ടെടുപ്പിലാണു സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുക.
മുതിർന്ന നേതാവും മുൻ സ്പീക്കറുമായ നാൻസി പെലോസി, മുൻ പ്രസിഡന്റ് ബ്ലിൽ ക്ലിന്റൺ മുതലായവരും കമലയ്ക്കു പിന്തുണ നൽകുന്നു.
പ്രസിഡന്റ് ബൈഡൻ ഞായറാഴ്ച സ്ഥാനാർഥിത്വം പിൻവലിക്കുകയും കമലയെ ആ സ്ഥാനത്തേക്കു പിന്തുണയ്ക്കുന്നുവെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു.
കമലയ്ക്കു പാർട്ടിക്കുള്ളിൽ പിന്തുണ വർധിച്ചതല്ലാതെ എതിർപ്പുമായി ഒരാൾപോലും പരസ്യമായി രംഗത്തു വന്നിട്ടില്ല. കമലയുടെ പ്രചാരണ പരിപാടികൾക്കായി റിക്കാർഡ് തുക സംഭാവന ലഭിക്കുകയും ചെയ്തു.
പാർട്ടി സമ്മർദത്തിനൊടുവിലാണു ബൈഡൻ സ്ഥാനാർഥിയാകാനില്ലെന്നു പ്രഖ്യാപിച്ചത്. റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപുമായുള്ള സംവാദത്തിൽ പരാജയപ്പെട്ടതോടെയാണു ബൈഡന്റെ കഴിവിൽ ഡെമോക്രാറ്റിക് നേതൃത്വം ആശങ്ക പ്രകടിപ്പിച്ചത്.