ബോംബ് സ്ഥാപിച്ചത് ഇറേനിയൻ സൈന്യത്തിലെ മൊസാദ് ഏജന്റുമാർ ഇസ്മയിൽ ഹനിയയെ വകവരുത്താനായി അദ്ദേഹം താമസിച്ചിരുന്ന ടെഹ്റാനിലെ അതിഥിമന്ദിരത്തിലെ മുറിയിൽ ബോംബ് സ്ഥാപിച്ചത് ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ ഇറേനിയൻ സൈന്യത്തിലെ ഏജന്റുമാരാണെന്നു റിപ്പോർട്ട്. ബ്രിട്ടനിലെ ദ ടെലിഗ്രാഫ് പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇറാനിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സംരക്ഷണച്ചുമതലയുള്ള സൈനികവിഭാഗമായ അൻസാർ അൽ മഹ്ദി സെക്യൂരിറ്റി യൂണിറ്റിലെ ഏജന്റുമാരാണ് മൊസാദിനുവേണ്ടി ബോംബുകൾ ഘടിപ്പിച്ചത്.
ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട മുൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ സംസ്കാരചടങ്ങിൽ പങ്കെടുക്കാൻ മേയിൽ ഹനിയ എത്തിയപ്പോൾ വധിക്കാൻ ഏജന്റുമാർ പദ്ധതിയിട്ടെങ്കിലും ജനബാഹുല്യം കാരണം പദ്ധതി പൊളിയുമെന്ന സംശയത്താൽ ഉപേക്ഷിച്ചു.
എങ്കിലും ഏജന്റുമാർ പിന്തിരിഞ്ഞില്ല. ഹനിയ സ്ഥിരമായി താമസിക്കുന്ന അതിഥിമന്ദിരത്തിലെ മൂന്ന് മുറികളിൽ ബോംബുകൾ ഘടിപ്പിച്ച ഏജന്റുമാർ വൈകാതെ രാജ്യം വിട്ടു. ഹനിയയുടെ സാന്നിധ്യം ഉറപ്പായതോടെ ഇറാനു പുറത്തുനിന്ന് വിദൂരനിയന്ത്രിത സംവിധാനമുപയോഗിച്ച് സ്ഫോടനം നടത്തുകയായിരുന്നു.
അതേസമയം, ഇസ്മയിൽ ഹനിയ കൊല്ലപ്പെട്ടത് ടെഹ്റാനിലെ അദ്ദേഹത്തിന്റെ താമസസ്ഥലത്തിന്റെ പുറത്തുനിന്നു വിട്ട ഹ്രസ്വദൂര മിസൈലാക്രമണത്തിലാണെന്ന് ഇറാനിലെ വിപ്ലവഗാർഡുകൾ പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഇസ്രയേലിനോടു പ്രതികാരം ചെയ്യുമെന്നും അവർ മുന്നറിയിപ്പ് നൽകി.