കരയാക്രമണം: 250 ഹിസ്ബുള്ളകളെ വധിച്ചതായി ഇസ്രേലി സേന
Saturday, October 5, 2024 4:45 AM IST
ടെൽ അവീവ്: ഇസ്രേലി സേന തിങ്കളാഴ്ച മുതൽ തെക്കൻ ലബനനിൽ നടത്തുന്ന കരയാക്രമണത്തിൽ 250നു മുകളിൽ ഹിസ്ബുള്ള ഭീകരർ കൊല്ലപ്പെട്ടു. ബ്രിഗേഡ്, കന്പനി, പ്ലാറ്റൂൻ വിഭാഗം മേധാവികൾ അടക്കം 21 കമാൻഡർമാരും ഇതിൽ ഉൾപ്പെടുന്നു.
ഇസ്രേലി സേനയുടെ 98, 36 ഡിവിഷനുകളാണു തെക്കൻ ലബനനിലെ ഗ്രാമങ്ങളിൽ ഹിസ്ബുള്ള ഭീകരരുമായി ഏറ്റുമുട്ടുന്നത്. ഹിസ്ബുള്ളകൾ ഉപേക്ഷിച്ചുപോയ ആയുധശേഖരങ്ങൾ വൻതോതിൽ കണ്ടെത്തി. പലപ്പോഴും ഹിസ്ബുള്ളകളുമായി ഏറ്റുമുട്ടലുണ്ടായെന്നും ഇസ്രേലി സേന അറിയിച്ചു.
ഇസ്രേലി അതിർത്തിയോടു ചേർന്ന ലബനീസ് പ്രദേശങ്ങളിൽനിന്നു ഹിസ്ബുള്ളകളെ തുരത്താൻ ലക്ഷ്യമിട്ടാണു കരയാക്രമണം ആരംഭിച്ചത്. പരിമിതമായ തോതിലുള്ള ആക്രമണം ആഴ്ചകൾക്കുള്ളിൽ അവസാനിപ്പിക്കാനാണ് ഇസ്രയേൽ ഉദ്ദേശിക്കുന്നതെന്നു റിപ്പോർട്ടുകളിൽ പറയുന്നു.
ഇതിനിടെ, ഇസ്രയേൽ ആക്രമിച്ചാൽ തിരിച്ചടിയായി ഇസ്രയേലിന്റെ ഊർജസംവിധാനങ്ങളെ ലക്ഷ്യമിടുമെന്ന് ഇറൻ ഭീഷണി മുഴക്കി. ഇസ്രയേലിന്റെ എണ്ണപ്പാടങ്ങളും എണ്ണശുദ്ധീകരണ കേന്ദ്രങ്ങളും ആക്രമിക്കുമെന്ന് ഇറാനിലെ വിപ്ലവഗാർഡ് ഡെപ്യൂട്ടി കമാൻഡർ അലി ഫദാവി പറഞ്ഞു.
ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ലബനീസ് തലസ്ഥാനമായ ബെയ്റൂട്ടിൽ ഇന്നലെ വിമാനമിറങ്ങി. ലബനനിലെ സുഹൃത്തുക്കൾക്ക് ഇറാന്റെ ഉറച്ച പിന്തുണയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.