മാന്ദ്യം: ഇന്ത്യ വിഷമിക്കുമെന്ന് ഐഎംഎഫ്
Thursday, October 10, 2019 12:19 AM IST
വാഷിംഗ്ടൺ ഡിസി: ഇന്ത്യയുടെ സാന്പത്തികരംഗം വലിയ ക്ഷീണത്തിലാകുമെന്ന് അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) മാനേജിംഗ് ഡയറക്ടർ. 90 ശതമാനം രാജ്യങ്ങളിലും വളർച്ചത്തോത് കുറയുമെന്ന് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിയേവ പറഞ്ഞു. അടുത്തയാഴ്ച പുറത്തുവിടുന്ന “ലോകസാന്പത്തികവീക്ഷണ’’ത്തിൽ വളർച്ചയിലെ ഇടിവ് വ്യക്തമാക്കും.
ഐഎംഎഫ്-ലോകബാങ്ക് ഭരണസമിതികളുടെ വാർഷികയോഗത്തിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവർ. ലോകമാകെ വളർച്ചത്തോത് ഇടിയുകയാണ്. ഇന്ത്യയും ബ്രസീലും പോലുള്ള വലിയ വികസ്വരരാജ്യങ്ങളാണ് ഇതിന്റെ “ക്ഷീണം കൂടുതലായി അനുഭവിക്കുക. ഇതെല്ലാമാണെങ്കിലും നാല്പതോളം വികസ്വരരാജ്യങ്ങൾക്ക് അഞ്ചു ശതമാനം വളർച്ച ഉണ്ടാകും. ചൈന അതിവേഗ വളർച്ചയിൽനിന്നു കുറഞ്ഞ വളർച്ചയിലേക്കു വരികയാണ്.സർക്കാരുകൾ പണമിറക്കി വളർച്ച ശക്തിപ്പെടുത്തണമെന്ന് ജോർജിയേവ നിർദേശിച്ചു.