റിലയൻസിന് വിപണിമൂല്യം 9.57 ലക്ഷം കോടി രൂപ
Tuesday, November 19, 2019 11:48 PM IST
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണിമൂല്യം 9.57 ലക്ഷം കോടി രൂപ എന്ന റിക്കാർഡിൽ. ഓഹരിവില ഇന്നലെ 1509 രൂപയിലേക്കുയർന്നതോടെയാണിത്.
ഇന്നലെ 1514 രൂപ വരെ റിലയൻസ് ഓഹരികൾ കയറിയിരുന്നു. തലേന്നത്തേക്കാൾ നാലുശതമാനം ഉയർച്ച. ഒടുവിൽ മൂന്നരശതമാനം ഉയർച്ചയോടെ 1509.75 രൂപയിൽ ക്ലോസ് ചെയ്തു. കന്പനിയുടെ മുഴുവൻ ഓഹരികളുടെയും കൂടി വിലയാണു വിപണി മൂല്യം എന്നറിയപ്പെടുന്നത്. വിപണിമൂല്യം ഒൻപതുലക്ഷം കോടി രൂപ കടന്ന ആദ്യ ഇന്ത്യൻ കന്പനിയും റിലയൻസാണ്.
രണ്ടുവർഷത്തിനുള്ളിൽ റിലയൻസിന്റെ വിപണിമൂല്യം 14 ലക്ഷം കോടി രൂപ (20,000 കോടി ഡോളർ)യ്ക്കു മുകളിലാകുമെന്നു ബാങ്ക് ഓഫ് അമേരിക്ക - മെറിൽലാഞ്ച് വിലയിരുത്തുന്നു. ഇകൊമേഴ്സ്, ബ്രോഡ്ബാൻഡ്, റീട്ടെയിൽ, ഡിജിറ്റൽ സേവനങ്ങൾ തുടങ്ങിയ മേഖലകളിലെ വളർച്ചയാണു റിലയൻസിനെ ഈ നേട്ടത്തിലേക്കു നയിക്കുക എന്ന് അവർ കണക്കാക്കുന്നു.
2019 -ൽ റിലയൻസ് ഓഹരിയുടെ വില 34 ശതമാനം കയറി. ബിഎസ്ഇ സെൻസെക്സ് 12 ശതമാനം മാത്രം കയറിയപ്പോഴാണിത്.