പിഎഫ് പലിശ കുറച്ചേക്കും
Saturday, February 29, 2020 1:53 AM IST
ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ഈ ധനകാര്യവർഷത്തെ പലിശ കുറയ്ക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. 8.65 ശതമാനത്തിൽനിന്ന് 8.5 ശതമാനത്തിലേക്കു കുറയ്ക്കാനാണു നീക്കമെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മാർച്ച് അഞ്ചിനു ചേരുന്ന സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് (സിബിടി) വിഷയം പഠിച്ചു തീരുമാനം എടുത്തേക്കും. ട്രസ്റ്റിമാരുടെ തീരുമാനം കേന്ദ്ര ധനമന്ത്രാലയം അംഗീകരിച്ചാലേ പലിശ വിജ്ഞാപനം ചെയ്യാനാകൂ.
രാജ്യത്തു പൊതുവേ പലിശനിരക്ക് കുറയുന്നു; ദേശീയ സന്പാദ്യപദ്ധതിയുടെ കീഴിലുള്ള പല നിക്ഷേപപദ്ധതികളുടെയും പലിശ കുറഞ്ഞു; സർക്കാർ കടപ്പത്രങ്ങൾ, ബാങ്ക് സ്ഥിരനിക്ഷേപങ്ങൾ തുടങ്ങിയവയ്ക്കു പലിശ താണു: ഇതെല്ലാം ചൂണ്ടിക്കാട്ടിയാണു പലിശ കുറയ്ക്കാൻ ശ്രമിക്കുന്നത്.
തകർച്ചയിലായ ദിവാൻ ഹൗസിംഗിന്റെയും ഇൻഫ്രാസ്ട്രക്ചർ ലീസിംഗിന്റെയും കടപ്പത്രങ്ങളിൽ ഇപിഎഫ്ഒ നിക്ഷേപിച്ച 4500 കോടി രൂപ നഷ്ടമായിട്ടുണ്ട്. ഇതും പലിശ കുറയക്കാൻ പ്രേരണയാകാം. മൊത്തം 18 ലക്ഷം കോടി രൂപയാണ് ഇപിഎഫ്ഒയിലുള്ളത്. ഇതിൽ 85 ശതമാനം കടപ്പത്രങ്ങളിലും 15 ശതമാനം ഓഹരികളിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്.