കോവിഡ് : മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് അംശാദായം ഒഴിവാക്കും
Friday, June 11, 2021 12:11 AM IST
തിരുവനന്തപുരം: കോവിഡ് മൂലമുള്ള സാന്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ ഉടമ തൊഴിലാളി അംശദായം ഒഴിവാക്കുന്നതു പരിഗണനയിലാണെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. കെ.ബാബു(നെന്മാറ)വിന്റെ ശ്രദ്ധ ക്ഷണിക്കലിനു മറുപടി നൽകുകയായിരുന്നു മന്ത്രി.
ഇത് ഏകദേശം 100 കോടി രൂപ വരും. ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്യപ്പെട്ട സ്കാറ്റേർഡ് തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗക്കാർക്കും 1000 രൂപ വീതം അനുവദിച്ചു ലോക്ഡൗണ്‍ കാലയളവിൽ കോണ്‍ട്രാക്ട് കാരേജ്, സ്റ്റേജ് കാരേജ് വാഹനങ്ങൾക്ക് ബന്ധപ്പെട്ട കാലയളവിൽ നികുതി ഒഴിവാക്കുകയോ സമയം ദീർഘിപ്പിച്ചു നൽകുകയോ ചെയ്തിട്ടുണ്ട്. സ്കൂൾ ബസുകളെ ഏതാനും മാസത്തേക്ക് നികുതി അടയ്ക്കുന്നതിൽനിന്ന് ഒഴിവാക്കി. വാഹന സംബന്ധമായ എല്ലാ രേഖകളുടെയും കാലാവധി 30 വരെ ഗതാഗത വകുപ്പ് ദീർഘിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.