കൊച്ചിന് ഇന്റര്നാഷണല് സ്കൂള് ഉദ്ഘാടനം ഇന്ന്
Saturday, March 18, 2023 12:27 AM IST
കൊച്ചി: ട്രിവാന്ഡ്രം ഇന്റര്നാഷണല് സ്കൂളിന്റെ പുതിയ കാമ്പസ് കൊച്ചിന് ഇന്റര്നാഷണല് സ്കൂള് ഇന്ന് പൂക്കാട്ടുപടിയിൽ ഉദ്ഘാടനം ചെയ്യും. 12.5 ഏക്കറിലാണ് സ്കൂള് കാമ്പസ്.
ഇന്റര്നാഷണല് പാഠ്യപദ്ധതി മാത്രം നല്കാന് രൂപകല്പന ചെയ്തതാണ് കൊച്ചിന് ഇന്റര്നാഷണല് സ്കൂള്. ട്രിവാന്ഡ്രം ഇന്റര്നാഷണല് സ്കൂള് ഗ്രൂപ്പ് ഓഫ് ഇന്സ്റ്റിറ്റ്യൂഷന്സ് 2020ല് ഏറ്റെടുത്ത ചാര്ട്ടര് സ്കൂളിനോടു ചേര്ന്നാണ് കൊച്ചിന് ഇന്റര്നാഷണല് സ്കൂള്. ചാര്ട്ടര് സ്കൂള് നിലവിലെ സിബിഎസ്ഇ പാഠ്യപദ്ധതിതന്നെ തുടരും. എന്നാല് പൊതുസൗകര്യങ്ങള് ഈ സ്കൂളിനും ലഭ്യമായിരിക്കും.
അക്കാദമിക് സൗകര്യങ്ങള്ക്കു പുറമെ നാല് സ്വിമ്മിംഗ് പൂള്, ഫുട്ബോളിനും അത്ലറ്റിക്സിനുമുള്ള സ്പോര്ട്സ് ഫീല്ഡ്, ബാസ്കറ്റ് ബോള്, ബാഡ്മിന്റണ്, ടെന്നീസ് കോര്ട്ടുകള് എന്നിങ്ങനെയുള്ള സ്പോര്ട്സ് സൗകര്യങ്ങളുമുണ്ട്. 800 സീറ്റ് വിവിധോദ്ദേശ ഹാള്, 350 സീറ്റ് പെര്ഫോമന്സ് ഹാള് എന്നിവയുമുണ്ട്. രണ്ടു ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള സ്കൂളില് ആര്ട്സ് ബ്ലോക്ക്, ഇന്ഡോര് സ്പോര്ട്സ് സൗകര്യങ്ങള്, 300 ബെഡ് ബോര്ഡിംഗ് ഹൗസ് എന്നിവയും ലഭ്യമാകും. സമഗ്രവും സാർവത്രികവുമായ വിദ്യാഭ്യാസം പകര്ന്നതിന്റെ 20 വര്ഷ പൈതൃകം കൈമുതലാക്കി കൊച്ചിയില് അന്താരാഷ്ട്ര സ്കൂള് വിദ്യാഭ്യാസം അവതരിപ്പിക്കാന് അവസരം ലഭിച്ചതില് സന്തോഷമുണ്ടെന്ന് ഗ്രൂപ്പ് സ്ഥാപകനും ചെയര്മാനുമായ ജോര്ജ് എം. തോമസ് പറഞ്ഞു.