വിക്കറ്റ് കാത്ത് രാഹുൽ
Wednesday, January 15, 2020 12:16 AM IST
ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിന ക്രിക്കറ്റിൽ ഇന്ത്യൻ ഇന്നിംഗ്സിനിടെ പരിക്കേറ്റ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് പകരം വിക്കറ്റ് കീപ്പറുടെ റോളിലെത്തിയത് കെ.എൽ. രാഹുൽ. ആഭ്യന്തര മത്സരങ്ങളിൽ കർണാടകയ്ക്കായും ഐപിഎലിൽ കിംഗ്സ് ഇലവണ്‍ പഞ്ചാബിനായും വിക്കറ്റ് കീപ്പറായിട്ടുള്ള രാഹുൽ ആദ്യമായാണ് ഇന്ത്യയുടെ വിക്കറ്റ് കാക്കുന്നത്.
ഇന്ത്യൻ ഇന്നിംഗ്സിന്റെ 44-ാം ഓവറിൽ ഓസീസ് പേസർ പാറ്റ് കമ്മിൻസിന്റെ ബൗണ്‍സർ ഹെൽമറ്റിൽ പതിച്ചാണ് പന്തിനു പരിക്കേറ്റത്. ആ ബൗണ്‍സറിലൂടെയാണ് പന്ത് പുറത്തായതും. പന്തിന്റെ ബാറ്റിൽ ടോപ് എഡ്ജ് ആയ പന്ത് തുടർന്ന് ഹെൽമറ്റിൽ കൊള്ളുകയായിരുന്നു. ഋഷഭ് പന്ത് നിരീക്ഷണത്തിലാണെന്നും പകരക്കാരനായി മനീഷ് പാണ്ഡെയെ കണ്‍കഷൻ സബ്സ്റ്റിറ്റ്യൂട്ടായി ഗ്രൗണ്ടിലിറക്കിയെന്നും ബിസിസിഐ ട്വിറ്ററിലൂടെ അറിയിച്ചു.