‘ബ്രൗണ്‍ മുണ്ടെ’
Monday, April 12, 2021 11:50 PM IST
സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വിജയശില്പിയായ നിതീഷ് റാണ അർധസെഞ്ചുറി തികച്ചശേഷം നടത്തിയ ആംഗ്യത്തിന്റെ അർഥം തിരയുകയായിരുന്നു ക്രിക്കറ്റ് ആരാധകർ. നേരിട്ട 37-ാം പന്തിൽ റാണ അർധസെഞ്ചുറി തികച്ചു. തുടർന്ന് വലതു കൈ മുന്നോട്ട് പിടിച്ച് വിരലുകൾ താഴ്ത്തിപ്പിടിച്ച് ആഹ്ലാദം പങ്കുവച്ചു.
മത്സരശേഷം സഹതാരം ഹർഭജൻ സിംഗുമായി നടത്തിയ ചാറ്റ് ഷോയിൽ റാണ തന്റെ ആംഗ്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി. 2020ൽ പുറത്തിറങ്ങിയ ബ്രൗണ്‍ മുണ്ടെ എന്ന പോപ് ഗാനത്തെ സൂചിപ്പിച്ചായിരുന്നു റാണയുടെ ആംഗ്യം. ബ്രൗണ്‍ മുണ്ടെയിൽനിന്ന് ഉൗർജം ഉൾക്കൊണ്ട തന്റെ സുഹൃത്തുക്കൾക്കുവേണ്ടി അർധസെഞ്ചുറി സമർപ്പിച്ചതാണെന്നും റാണ കൂട്ടിച്ചേർത്തു. ഐപിഎലിനു മുന്‍പ് കോവിഡ് പോസിറ്റീവ് ആയ റാണ രോഗമുക്തനായാണു കളത്തിലെത്തിയത്.