ഇന്ത്യൻ വനിതകൾക്ക് ആദ്യ ജയം
Saturday, July 31, 2021 12:57 AM IST
ടോക്കിയോ: ഒളിന്പിക്സ് വനിതാ ഹോക്കിയിൽ ഇന്ത്യ ആദ്യജയം സ്വന്തമാക്കി. പൂൾ എയിൽ അയർലൻഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യൻ വനിതകൾ തോൽപ്പിച്ചത്. 57-ാം മിനിട്ടിൽ നവനീത് കൗറാണ് ഇന്ത്യക്കുവേണ്ടി വിജയഗോൾ നേടിയത്. ആദ്യ മൂന്നു മത്സരങ്ങളും തോറ്റ ഇന്ത്യക്ക് ഇന്നത്തെ മത്സരങ്ങളുടെ ഫലം അനുസരിച്ചാകും ക്വാർട്ടർ സാധ്യത. ഇന്ന് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോൽപ്പിക്കുകയും അയർലൻഡ് ബ്രിട്ടനെ പരാജയപ്പെടുത്തുകയും ചെയ്താൽ ക്വാർട്ടർ ഉറപ്പിക്കാനാകും. ഇങ്ങനെ സംഭവിച്ചാൽ ഇന്ത്യൻ വനിതാ ഹോക്കി ടീം ആദ്യമായി നോക്കൗട്ടിൽ പ്രവേശിക്കും.
ഇന്ത്യയുടെ പുരുഷ ടീം പൂൾ എയിലെ അവസാന മത്സരത്തിൽ 5-3ന് ജപ്പാനെ തോൽപ്പിച്ചു. 12 പോയിന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഇന്ത്യക്കായി ഗുർജന്ത് സിംഗ് രണ്ടു ഗോൾ നേടിയപ്പോൾ ഹർമൻപ്രീത് സിംഗ്, ഷംഷേർ സിംഗ്, എസ്. നീലാകന്ത് എന്നിവർ ഒരോ ഗോൾ നേടി. ഇന്ത്യ ക്വാർട്ടറിൽ പ്രവേശിച്ചിരുന്നു.