കുംബ്ലെയ്ക്കു പിന്നാലെ ബിസിസിഐ
Saturday, September 18, 2021 11:16 PM IST
ന്യൂഡൽഹി: രവി ശാസ്ത്രിക്ക് പകരം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ കണ്ടെത്താനായി ബിസിസിഐ ശ്രമങ്ങൾ ആരംഭിച്ചു. സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ബിസിസിഐ അനിൽ കുംബ്ലെയോട് പരിശീലകസ്ഥാനത്തിന് അപേക്ഷ നൽകാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്.
വി.വി.എസ്. ലക്ഷ്മണെയും പരിശീലകനായി പരിഗണിക്കുന്നുണ്ടെന്നും സൂചനകൾ പുറത്തുവരുന്നു.
2016-2017 കാലങ്ങളിൽ കുംബ്ലെയായിരുന്നു ഇന്ത്യയുടെ പരിശീലകൻ. 2017 ഐസിസി ചാന്പ്യൻസ് ട്രോഫി ഫൈനലിൽ പാക്കിസ്ഥാനോട് ഇന്ത്യ തോറ്റതിനുപിന്നാലെയാണ് കുംബ്ലെ സ്ഥാനമൊഴിഞ്ഞത്.
നായകൻ വിരാട് കോഹ്ലിയുമായുള്ള പ്രശ്നങ്ങളും കുംബ്ലെയുടെ രാജിയിൽ നിർണായകമായി. നിലവിൽ ഐപിഎൽ ടീം പഞ്ചാബ് കിംഗ്സിന്റെ പരിശീലകനാണ് കുംബ്ലെ, ലക്ഷ്മണ് സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ മെന്ററും.