മാപ്പു പറഞ്ഞ് വഖാർ തടിതപ്പി
Wednesday, October 27, 2021 11:47 PM IST
കറാച്ചി: ഐസിസി ട്വന്റി-20 ലോകകപ്പ് സൂപ്പർ 12ൽ ഇന്ത്യ x പാക്കിസ്ഥാൻ മത്സരത്തിനിടെ പാക് താരം മുഹമ്മദ് റിസ്വാൻ നടത്തിയ നമസ്കാരത്തെ മോശമായി ചിത്രീകരിച്ച വഖാർ യൂനിസ് മാപ്പു പറഞ്ഞ് തടിതപ്പി.
മത്സരത്തിനിടെ മുഹമ്മദ് റിസ്വാൻ മൈതാനത്ത് നമസ്കരിച്ചിരുന്നു. ഹിന്ദുക്കൾക്കു മുന്നിൽ റിസ്വാൻ നമസ്കരിക്കുന്നതു കണ്ടതാണു തനിക്ക് സവിശേഷമായി തോന്നിയതെന്നായിരുന്നു വഖാറിന്റെ വിവാദ പ്രസ്താവന.
വിമർശനങ്ങൾ കടുത്തതോടെ വഖാർ ട്വിറ്ററിലൂടെ മാപ്പപേക്ഷിച്ചു. അപ്പോഴത്തെ ആവേശത്തിൽ പറഞ്ഞുപോയതാണെന്നും ആരുടെയും വികാരത്തെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചില്ലെന്നും വഖാർ ട്വിറ്ററിൽ കുറിച്ചു.