മുംബൈ മുന്നോട്ട്
Thursday, June 23, 2022 12:28 AM IST
ബംഗളൂരു: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ മധ്യപ്രദേശിനെതിരേ മുംബൈ നിലയുറപ്പിക്കുന്നു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത മുംബൈ ഒന്നാം ദിനം അവസാനിക്കുന്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 248 റണ്‍സ് എന്ന നിലയിലാണ്.
മിന്നുന്ന ഫോമിൽ കളിക്കുന്ന യുവതാരം യശ്വസി ജയ്സ്വാളിന്റെ അർധസെഞ്ചുറിയാണ് മുംബൈ ഇന്നിംഗ്സിന്റെ ആദ്യദിനത്തെ ഹൈലൈറ്റ്. 163 പന്ത് നേരിട്ട ജയ്സ്വാൾ ഒരു സിക്സും ഏഴ് ഫോറും ഉൾപ്പെടെ 78 റണ്‍സ് നേടി.
2021-22 സീസണിൽ മൂന്നാം മത്സരം മാത്രം കളിക്കുന്ന യശ്വസി ജയ്സ്വാൾ തുടർച്ചയായ നാലാം ഇന്നിംഗ്സിലാണ് 50+ സ്കോർ നേടുന്നത്. 20കാരനായ ഇടംകൈ ബാറ്ററുടെ തുടർച്ചയായ മൂന്ന് സെഞ്ചുറികൾക്ക് (103, 100, 181) ശേഷമുള്ള അർധസെഞ്ചുറിയാണ് ഇന്നലെ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ പിറന്നത്. ക്വാർട്ടറിൽ ഉത്തരാഖണ്ഡിനെതിരേ ഫസ്റ്റ് ക്ലാസിലെ കന്നി സെഞ്ചുറി നേടിയ യശ്വസി ജയ്സ്വാൾ, സെമിയിൽ ഉത്തർപ്രദേശിനെതിരേ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി സ്വന്തമാക്കിയിരുന്നു.
മധ്യപ്രദേശിന് എതിരായ ഫൈനലിൽ ടോസ് നേടിയ മുംബൈ ക്യാപ്റ്റൻ പൃഥ്വി ഷാ ബാറ്റിംഗ് തെരഞ്ഞെടുത്തു. പൃഥ്വി ഷായും (47) ജയ്സ്വാളും ചേർന്നുള്ള ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 87 റണ്‍സ് വരെ നീണ്ടു. അർമാൻ ജാഫർ (26), സുവേദ് പാർക്കർ (18), ഹാർദിക് തമോർ (24) എന്നിവരുടെ വിക്കറ്റ് വീഴ്ത്തി മധ്യപ്രദേശ് മത്സരത്തിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചു. എന്നാൽ, ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റിംഗ് ശരാശരിയുമായി സീസണിൽ നിറഞ്ഞുകളിക്കുന്ന സർഫറാസ് ഖാനും (40*) ഓൾ റൗണ്ടർ ഷാംസ് മുലാനിയും (12*) ചേർന്ന് ആദ്യദിനം കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ മുംബൈയെ കാത്തു.
അന്പയർ അനന്തപത്മനാഭൻ
രഞ്ജി ട്രോഫി ഫൈനൽ നിയന്ത്രിക്കുന്ന ഫീൽഡ് അന്പയർമാരിൽ ഒരാൾ കേരളത്തിന്റെ മുൻ രഞ്ജി ക്യാപ്റ്റനായിരുന്ന കെ.എൻ. അനന്തപത്മനാഭനാണ്. 2015-16 രഞ്ജി ട്രോഫി സീസണ് മുതൽ അനന്തപത്മനാഭൻ അന്പയറായി രംഗത്തുണ്ട്.
ഐസിസി അന്താരാഷ്ട്ര അന്പയർ പാനലിലേക്ക് 2020ൽ അനന്തപത്മനാഭൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2021 മാർച്ചിൽ നടന്ന ഇന്ത്യ x ഇംഗ്ലണ്ട് ഏകദിന പരന്പരയിലും ട്വന്റി-20 പരന്പരയിലും അന്പയറായി രാജ്യാന്തര മത്സരങ്ങളിൽ അരങ്ങേറി.