തോറ്റു, ഇനി കാത്തിരിപ്പ്
Monday, October 14, 2024 3:10 AM IST
ഷാർജ: ഐസിസി 2024 ട്വന്റി-20 വനിതാ ക്രിക്കറ്റ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തില്‍ ഇന്ത്യക്കു തോല്‍വി. നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയോട് ഇഞ്ചോടിഞ്ചു പോരാടിയ ഇന്ത്യ വെറും ഒമ്പത് റണ്‍സിനാണ് പരാജയപ്പെട്ടത്.
ഇതോടെ സെമി ഫൈനല്‍ ടിക്കറ്റിനായി ന്യൂസിലന്‍ഡും പാക്കിസ്ഥാനും തമ്മില്‍ ഇന്നു നടക്കുന്ന മത്സരഫലത്തിനായി ഇന്ത്യ കാത്തിരിക്കും. ന്യൂസിലന്‍ഡ് ജയിച്ചാല്‍ ഇന്ത്യ പുറത്താകും. ഓസ്ട്രേലിയയ്ക്ക് എതിരേ അവസാന ഓവറില്‍ നാല് വിക്കറ്റ് നഷ്ടപെട്ടതാണ് ഇന്ത്യന്‍ തോല്‍വിക്കു കാരണം. ഹര്‍മന്‍പ്രീത് കൗര്‍ (47 പന്തില്‍ 54) പുറത്താകാതെ നിന്നു. സ്കോര്‍: ഓസ്ട്രേലിയ 20 ഓവറില്‍ 151/8. ഇന്ത്യ 20 ഓവറില്‍ 142/9.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയൻ വനിതകൾക്കു തുടക്കത്തിൽ തിരിച്ചടിയേറ്റു. ബെത് മൂണി (2), ജോർജിയ വറേഹം (0) എന്നിവർ സ്കോർബോർഡിൽ 17 റൺസുള്ളപ്പോൾ പവലിയനിലെത്തി. എന്നാൽ, ഓപ്പണർ ഗ്രേസ് ഹാരിസ് ഒരറ്റത്ത് നിലയുറപ്പിച്ചു. 41 പന്തിൽ അഞ്ച് ഫോറിന്റെ സഹായത്തോടെ 40 റൺസ് നേടിയശേഷമാണ് ഗ്രേസ് ഹാരിസ് മടങ്ങിയത്.