ഒ.എൻ.വി. സമൂഹനന്മയ്ക്കായി പ്രയത്നിച്ച സാഹിത്യപ്രതിഭ: മുഖ്യമന്ത്രി
1425486
Tuesday, May 28, 2024 2:42 AM IST
തിരുവനന്തപുരം: സ്ത്രീ സമൂഹത്തിന്റെ ഉന്നതിക്കും പരിസ്ഥിതി സംരക്ഷണത്തിനുമെല്ലാം പ്രാധാന്യം നൽകി സമൂഹനന്മയ് ക്കായി പ്രയത്നിച്ച സാഹിത്യപ്രതിഭയായിരുന്നു ഒ.എൻ.വി. കുറുപ്പെന്ന് മുഖ്യമന്ത്രി.
ബിഷപ് പെരേര ഹാളിൽ സംഘടിപ്പിച്ച ഒഎൻവി ജയന്തി ആഘോഷവും ഒ.എൻ.വി. സാഹിത്യ പുരസ്കാര സമർപ്പണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒഎൻവി തന്റെ രചനയിലൂടെ സമൂഹ നന്മയ്ക്കായി ആത്മാർഥമായി ശ്രമിച്ചു. ദേശീയ തലത്തിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു പുരസ്കാരമായി ഒഎൻവി സാഹിത്യ പുരസ്കാരം മാറിയതായും അദ്ദേഹം പറഞ്ഞു.
എഴുത്തുകാരിയും ജ്ഞാനപീഠ ജേതാവുമായ പ്രതിഭാ റായിക്കാണ് ഇത്തവണ ഒഎൻവി പുരസ്കാരം ലഭിച്ചിരിക്കുന്നത്. സാഹിത്യ രംഗത്ത് ശാശ്വതമായ സംഭാവനകൾ നൽകുന്നതിനു പ്രതിഭാ റായിക്കു കഴിഞ്ഞിട്ടുണ്ട്. പ്രതിഭാ റായിക്ക് അവാർഡ് സമർപ്പിക്കുന്നതിൽ അപൂർവമായ ഒരു ഭംഗിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഒഎൻവി യുവസാഹിത്യ പുരസ്കാരം ദുർഗാ പ്രസാദിനു സമ്മാനിച്ചു.
ഒഎൻവിയുടെ ചെറുമകൾ അപർണ രാജീവിന്റെ ഒഎൻവി സ്തുതിഗീതത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. അടൂർ ഗോപാലകൃഷ്ണൻ അധ്യക്ഷനായിരുന്ന ചടങ്ങിൽ ജി.രാജാമോഹൻ, ഇ.എം. നജീബ് എന്നിവർ പ്രശസ്തി പത്ര പാരായണം നടത്തി. പ്രഭാ വർമ പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി.