എംഎൽഎയുടെ കാർ പാർക്ക് ചെയ്യാനായില്ല; ഗർഭിണിയടക്കമുള്ള കുടുംബത്തിന് നേരെ ആക്രമണമെന്ന് പരാതി
1436681
Wednesday, July 17, 2024 2:34 AM IST
കാട്ടാക്കട : എംഎൽഎയുടെ കാർ പാർക്കുചെയ്യാൻ സൗകര്യം ഒരുക്കിയില്ലെന്ന് ആരോപിച്ച് ഗർഭിണിയടക്കമുള്ള കുടുംബത്തിന് നേരെ ആക്രമണം നടത്തിയതായി പരാതി. ഡിവൈഎഫ്ഐ പ്രവർത്തകർ കാർ അടിച്ചുതകർത്തുവെന്നും യുവതിയുടെ മാല പൊട്ടിച്ചെന്നുമാണ് പരാതി.
ജി. സ്റ്റീഫൻ എംഎൽഎയ്ക്കെതിരെയാണ് ആരോപണം ഉയരുന്നത്. സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കാട്ടാക്കട പോലീസ് കേസെടുത്തു.
തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. കാട്ടാക്കടയിൽ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ എംഎൽഎയുടെ കാർ മണ്ഡപത്തിൽ പാർക്ക് ചെയ്യാൻ സൗകര്യം ഒരുക്കിയില്ലെന്ന് ആരോപിച്ചായിരുന്നു സംഘർഷമുണ്ടായതായി പറയുന്നത്. ഒരുസംഘം ആൾക്കാർ വാഹനം തടഞ്ഞു നിർത്തി പിന്നിലെ ഗ്ലാസ് അടിച്ചു തകർത്തുവെന്നും കഴുത്തിലെ മാല പൊട്ടിച്ചുവെന്നും ആക്രമണത്തിനിരയായ ബിനീഷ് പറയുന്നു.
എംഎൽഎയുടെ വാഹനത്തിനു മുന്നിലാണ് വണ്ടി ഇട്ടിരുന്നത്. ഈ സമയം കുറച്ച് യുവാക്കൾ എത്തി വണ്ടി മാറ്റണമെന്ന് ആവശ്യപ്പെട്ട് മർദിക്കുകയായിരുന്നു. അമ്പലത്തിൻകാല സ്വദേശി ബിനീഷ്, ഭാര്യ നീതു എന്നിവർക്കാണ് മർദനമേറ്റത്.
ബിനീഷിന്റെ മൂക്കിനും കൈക്കും നെഞ്ചിനും പരിക്കുണ്ട്. അതേസമയം, കുടുംബം പരാതിക്കാരുടെ ആരോപണം നിഷേധിക്കുകയാണ് എംഎൽഎ. വാഹനം മാറ്റാൻ ആരോടും ആവശ്യപ്പെട്ടില്ലെന്നും കേസുമായി ബന്ധമില്ലെന്നും ജി.സ്റ്റീഫൻ പറഞ്ഞു.
സംഭവം നടന്നെന്നു പറയുന്ന സമയം ഹാളിനുള്ളിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു. പോകാൻ ധൃതി ഉണ്ടായിരുന്നില്ല. താനോ ഡ്രൈവറോ വണ്ടി മാറ്റാൻ ആവശ്യപ്പെട്ടില്ലെന്നും എംഎൽഎ പറഞ്ഞു. എന്നാൽ സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കാട്ടാക്കട പോലീസ് കേസ് എടുത്തതായി കാട്ടാക്കട ഡിവൈഎസ്പി അറിയിച്ചു.
എഫ്ഐആറിൽ എംഎൽഎയുടെ കാർ സംബന്ധിച്ച് പരാമർശമില്ല. പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട് യുവാവിന് മർദനമേറ്റെന്നും ഭാര്യയുടെ താലിമാലയും നഷ്ടപ്പെട്ടെന്നും എഫ്ഐആറിൽ പറയുന്നു. എംഎൽഎയെ അപമാനിക്കാൻ ചിലർ തയാറാക്കിയ പദ്ധതിയാണ് ഇതെന്ന് സിപിഎം ഏര്യാ കമ്മിറ്റിയും വ്യക്തമാക്കി.
സംഭവത്തിൽ നാലുപേർ കീഴടങ്ങി
എംഎൽ.എയുടെ കാറിന് വഴി കൊടുക്കാത്തതിന് ഗര്ഭിണിയടക്കം കുടുംബത്തെ ആക്രമിച്ചെന്ന പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് നാല് പേര് കീഴടങ്ങി. ദമ്പതികളുടെ കാര് തകര്ക്കുകയും മാല പൊട്ടിക്കുകയും ചെയ്തെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. സംഭവത്തിൽ മനു, സുമിത്, ആദർശ്, അനൂപ് എന്നിവരാണ് കാട്ടാക്കട സ്റ്റേഷനിൽ കീഴടങ്ങിയത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ഇവർ ഡിവൈഎഫ്ഐ ക്കാരാണ്.
പ്രതിഷേധ പ്രകടനം നടത്തി കോൺഗ്രസ്
കാട്ടാക്കട: ഗർഭിണിയായ യുവതി ഉൾപ്പെടുന്ന കുടുംബത്തിന് നേരെ ജി.സ്റ്റീഫൻ എംഎൽഎയുടെ നേതൃത്വത്തിൽ ഗുണ്ടകൾ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് പൂവച്ചൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി .
മണ്ഡലം പ്രസിഡന്റ് കട്ടയ്ക്കോട് തങ്കച്ചൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി .രാജേന്ദ്രൻ, പഞ്ചായത്ത് അംഗങ്ങൾ ആയ അഡ്വ.ആർ.രാഘവലാൽ, യു .ബി.അജിലാഷ്, ആർ.സുരേന്ദ്രൻ നായർ , മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി എസ്.ഷീജ വാർഡ് പ്രസിഡന്റുമാരായ പി .വിക്രമൻ നായർ, രാജൻ, രാധാകൃഷ്ണൻ നായർ, രാജഗോപാലൻ നായർ, ബൂത്ത് പ്രസിഡന്റുമാരായ സുരേഷ്കുമാർ, ബിനു, ഷൈജു, ഷീജബീവി,സുനിൽ കുമാർ, അജിത്ത്, കുമാർ തുടങ്ങിയവർ നേതൃത്വം നൽകി