ഉപജില്ല സ്കൂള്‍ ശാസ്ത്രമേള; മുന്നൊരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍
1459091
Saturday, October 5, 2024 6:40 AM IST
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ഉപജില്ലാ സ്കൂള്‍ ശാസ്ത്ര, ഗണിത, സാമൂഹ്യ ശാസ്ത്ര, ഐ.ടി, പ്രവൃത്തി പരിചയമേളയുടെ മുന്നൊരുക്കങ്ങള്‍ അന്തിമഘട്ടത്തിലെന്ന് സംഘാടകര്‍ അറിയിച്ചു.
സ്കൂള്‍തല ശാസ്ത്രമേളകള്‍ ഇതിനോടകം തന്നെ പൂര്‍ത്തിയായിട്ടുണ്ട്. ഉപജില്ലാ മത്സരത്തിലേയ്ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ഇന്നലെയായിരുന്നു. സ്കൂള്‍ തല മത്സരങ്ങളിലെ ജേതാക്കളാണ് ഉപജില്ലാതലത്തില്‍ പങ്കെടുക്കുന്നത്. ഓലത്താന്നി വിക്ടറി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ ഉപജില്ലയിലെ 75 വിദ്യാലയങ്ങളില്‍ നിന്നായി മൂവായിരത്തിയഞ്ഞൂറോളം മത്സരാര്‍ഥികള്‍ വിവിധയിനങ്ങളില്‍ മാറ്റുരയ്ക്കും.
എട്ടിന് രാവിലെ ഒന്‍പതിന് ചേരുന്ന സമ്മേളനത്തില്‍ കെ. ആന്‍സലന്‍ എംഎല്‍എ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. നെയ്യാറ്റിന്‍കര നഗരസഭ ചെയര്മാന് പി.കെ രാജമോഹനന് യോഗത്തില്‍ അധ്യക്ഷനാകും.
നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാര്, മേളയുടെ സ്വാഗതസംഘം ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിക്കും. ഗണിതശാസ്ത്രമേളയുടെ തത്സമയ മത്സരങ്ങളും സാമൂഹ്യശാസ്ത്ര, ഐ.ടി മേളയുമാണ് ആദ്യ ദിനത്തില്‍ നടക്കുന്നത്. ഒന്‍പതിന് പ്രവൃത്തി പരിചയ മേളയുടെ തത്സമയ മത്സരങ്ങളും ഐ.ടി മേള, ഹൈസ്കൂള്‍ വിഭാഗം ശാസ്ത്രനാടകം എന്നിവയും പത്തിന് ശാസ്ത്രമേളയുടെ തത്സമയ മത്സരങ്ങളും സാമൂഹ്യ ശാസ്ത്രമേളയും നടക്കും.
മേളയുടെ സമാപന ദിവസമായ പത്തിന് വൈകുന്നേരം മൂന്നിന് ചേരുന്ന സമ്മേളനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. ഡിഇഒ ബി. ഇബ്രാഹിം അധ്യക്ഷനാകും.