പൂവാർ പോലിസിന് തലവേദനയായി കാപ്പാ കേസ് പ്രതി
1459669
Tuesday, October 8, 2024 6:59 AM IST
പൂവാർ: തുടർച്ചയായിനിയമലംഘനം നടത്തി വിലസുന്ന കാപ്പാ കേസ് പ്രതി പൂവാർ പോലിസിനു തലവേദനയായി. ജില്ലയിൽ പ്രവേശിക്കരുതെന്ന നിർദേശം ലംഘിച്ച് വീട്ടിലെത്തി പ്രശ്നമുണ്ടാക്കിയ പ്രതിയെ രണ്ടുമാസത്തിനിടയിൽ രണ്ടു പ്രാവശ്യം പിടികൂടി ജയിലിലാക്കി. ജാമ്യത്തിലിറങ്ങി മൂന്നാം പ്രാവശ്യവും വീട്ടിലെത്തി അയൽവാസിയുമായി പ്രശ്നമുണ്ടാക്കിയതായ പരാതിയുണ്ടായി. കേസെടുത്ത പോലീസ് പ്രതിയെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി.
പൂവാർ കഞ്ചാം പഴിഞ്ഞി ആയിരം തൈകളത്തിൽ വീട്ടിൽ വിനീതി (27)നെതിരെയാണ് പരാതി. നിരവധി കേസിലെ പ്രതിയായ വിനീത് ആറുമാസംവരെ ജില്ലയിൽ പ്രവേശിക്കരുതെന്ന ഉന്നതാധികാരികളുടെ നിർദേശം ഇക്കഴിഞ്ഞ ജൂണിലാണ് ഉണ്ടായത്. ഓർഡർ കൈപ്പറ്റിയ വിനീത് ഒരാഴ്ചക്കുള്ളിൽ തന്നെ നിർദേശം ലംഘിച്ചു.
പോലീസ് കസ്റ്റഡിയിൽ എടുത്തു കോടതിയിൽ ഹാജരാക്കി റിമാൻഡിലായ ഇയാൾ ഒരാഴ്ചക്കുള്ളിൽ ജാമ്യത്തിലിറങ്ങി. രണ്ടാം തവണ കഴിഞ്ഞ മാസവും ഇതേ രീതി ആവർത്തിച്ചു. തുടർന്നു ജാമ്യത്തിലിറങ്ങി വീണ്ടും നാട്ടിലെത്തിയ പ്രതി കഴിഞ്ഞ ദിവസം അയൽവാസിയുമായി പ്രശ്നമുണ്ടാക്കി. ഇന്നലെ അയൽവാസി നൽകിയ പരാതിയിൽ കേസെടുത്ത പൂവാർ പോലീസ് അന്വേഷണം ആരംഭിച്ചു.