കാഞ്ഞിരംകുളം പഞ്ചായത്ത് ഓഫീസ് തീപിടിത്തം: സമഗ്ര അന്വേഷണം നടത്തണമെന്ന് എം. വിൻസന്റ് എംഎൽഎ
1568345
Wednesday, June 18, 2025 6:03 AM IST
പൂവാർ : അഴിമതിക്കഥകൾക്ക് പേരുകേട്ട കാഞ്ഞിരംകുളം പഞ്ചായത്ത് ഓഫീസിലെ തീപിടുത്തത്തെകുറിച്ചു സമഗ്ര അന്വേഷണം നടത്തണമെന്ന് എം. വിൻസന്റ് എംഎൽഎ ആവശ്യപ്പെട്ടു. പരാതിയിൽ മുങ്ങിയ പഞ്ചായത്തിലെ അഴിമതിക്കെതിരേ പലവിധത്തിലുള്ള വിജിലൻസ് അന്വേഷണം നടന്നുവരികയും അതിന്റെ ഭാഗമായി ഏഴോളം ഫയലുകൾ മുൻവർഷങ്ങളിൽ വിജിലൻസ് ഇവിടെ നിന്നും ശേഖരിച്ചുകൊണ്ടുപോയിട്ടുള്ളതുമാണ്.
അഴിമതിക്കൊള്ള പുറത്തു വരാതിരിക്കാൻ ഇങ്ങനെ ഒരു അട്ടിമറി നടത്തിയതെന്ന സംശയം സ്വാഭാവികമാണ്. ആയതിനാലാണ് സമഗ്രമായ അന്വേഷണത്തിലൂടെ തീപിടുത്തത്തിന്റെ നിജസ്ഥിതി പുറത്തു കൊണ്ടുവരമെന്ന് ആവശ്യപ്പെടുന്നതെന്നു കത്തിയമർന്ന ഓഫീസ് കെട്ടിടം സന്ദർശിച്ചശേഷം എംഎൽഎ പറഞ്ഞു.
കാഞ്ഞിരംകുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കരിംകുളം ജയകുമാർ, മണ്ഡലം പ്രസിഡന്റ് ആർ. തങ്കരാജ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് സരസദാസ്, ജനറൽ സെക്രട്ടറിമാരായ കാഞ്ഞിരംകുളം ശരത് കുമാർ, പ്രദീപ്കുമാർ, പാർലമെന്ററി പാർട്ടി ലീഡർ അനിൽകുമാർ, വാർഡ് അംഗം ലൗലി റോസ്, മണ്ഡലം കമ്മിറ്റി ഭാരവാഹികളായ ജോണി, ബിനു തുടങ്ങിയവരും കത്തിയമർന്ന കെട്ടിടം സന്ദർശിക്കാൻ എംഎൽഎക്കൊപ്പം ഉണ്ടായിരുന്നു.