മുട്ടട സബ്രജിസ്ട്രാര്‍ ഓഫീസിന്റെ മതില് അപകടാവസ്ഥയില്‍
1568357
Wednesday, June 18, 2025 6:17 AM IST
പേരൂര്‍ക്കട: മുട്ടട സബ്രജിസ്ട്രാര്‍ ഓഫീസിന്റെ മതില്‍ക്കെട്ട് അപകടാവസ്ഥയില്‍. കുറച്ചുനാളായി മതില് ബലക്ഷയം സംഭവിച്ച് ഏതുനിമിഷവും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ്. ഇടയ്ക്കിടെ കനത്ത മഴയും നിലനില്‍ക്കുന്നതിനാല്‍ ഇതുവഴിയുള്ള കാല്‍നടയാത്രക്കാര്‍ ഭീതിയിലാണ്.
ഏകദേശം 40 വര്‍ഷത്തിനു മുമ്പാണ് ഓഫീസിന്റെ കോമ്പൗണ്ടില്‍ മതില് കെട്ടിയത്. മുട്ടട ജംഗ്ഷനില്‍ നിന്ന് ടി.കെ. ദിവാകരന് നായര്‍ റോഡിലേക്കു പോകുന്ന ഭാഗത്തിന്റെ തുടക്കത്തിലാണ് മതില്‍ക്കെട്ട് ഇടിഞ്ഞിരിക്കുന്നത്. കുറച്ചുഭാഗം നേരത്തെ ഇളകിവീണിരുന്നു. ചുടുകല്ല്കൊണ്ടു കെട്ടിയ മതില്‍ക്കെട്ട് ബെയ്സില്‍ നിന്നു നീങ്ങിമാറി സമീപത്തെ കൂറ്റന്‍ വൃക്ഷത്തില്‍ തട്ടിനില്‍ക്കുകയാണ്.
ഈ ഭാഗത്താണ് ഓട്ടോറിക്ഷാ സ്റ്റാൻഡ്. യൂണിയന് ജീവനക്കാര്‍ വിശ്രമിക്കുന്നതും ഈ ഭാഗത്തുതന്നെയാണ്. മതില്‍ക്കെട്ട് ഇടിഞ്ഞുവീഴുകയാണെങ്കില് അതു വാഹനയാത്രികര്‍ക്ക് അപകടമുണ്ടാക്കും. പുരാവസ്തു വകുപ്പാണ് ആവശ്യമായ ഫണ്ട് അനുവദിച്ചു മതില് നിര്‍മാണത്തിനു മുന്കൈയെടുക്കേണ്ടുന്നത്.
ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ആവശ്യമായതു ചെയ്യുമെന്ന് കഴിഞ്ഞദിവസം വി.കെ. പ്രശാന്ത് എംഎല്‍എ അറിയിച്ചിരുന്നു.