മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ; കാരുണ്യ സഹായം നൽകുന്നതായി സർക്കാർ
1223722
Thursday, September 22, 2022 11:14 PM IST
മലപ്പുറം : സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സകൾക്ക് ധനസഹായം നൽകുന്ന കാരുണ്യ ബനവലന്റ് പദ്ധതി സ്റ്റേറ്റ് ഹെൽത്ത് ഏജൻസി മുഖാന്തിരം നിലവിലെ രീതിയിൽ തന്നെ നടപ്പാക്കി വരുന്നുണ്ടെന്നു സർക്കാർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കാരുണ്യ ബനവലന്റ് പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവിലെ അവ്യക്തത കാരണം ആനുകൂല്യങ്ങൾ യഥാസമയം ലഭിക്കുന്നില്ലെന്ന പരാതിയിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ വിശദീകരണം. 2011- 12 സാന്പത്തിക വർഷം ആരംഭിച്ച കാരുണ്യ ബനവലന്റ് പദ്ധതി 2019 ജൂണ്‍ 30 ന് നികുതി വകുപ്പിന് കീഴിൽ നിന്നും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ലയിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. പിന്നീട് 2020 ജൂണ്‍ 16 ന് പുതുതായി രൂപീകരിച്ച സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് (എസ്എച്ച്എ ) ക്ക് കൈമാറി. എസ്എച്ച്എ എംപാനൽ ചെയ്തിട്ടുള്ള എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികൾ മുഖേനയും നിലവിലെ രീതിയിൽ തന്നെ പദ്ധതി നടപ്പാക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 2019ജൂലൈ ഒന്നു മുതൽ മൂന്നു ലക്ഷം രൂപയിൽ കുറവ് വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്കാണ് ആനുകൂല്യം ലഭിക്കുന്നതെന്നു റിപ്പോർട്ടിൽ പറയുന്നു. ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി. എ.സി ഫ്രാൻസിസ് നൽകിയ പരാതിയിലാണ് നടപടി.