റോഡ് തകർച്ച; ബസ് സ്റ്റാൻഡ് ബഹിഷ്ക്കരിക്കുമെന്നു ബസുടമകൾ
1244155
Tuesday, November 29, 2022 12:14 AM IST
പെരിന്തൽമണ്ണ: നഗരത്തിലെ മൂസക്കുട്ടി ബസ് സ്റ്റാൻഡിലേക്കുള്ള റോഡുകൾ തകർന്നതിൽ പ്രതിഷേധിച്ചു ബസുടമകൾ സ്റ്റാൻഡ് ബഹിഷ്കരിക്കാൻ തീരുമാനം. മാസങ്ങളായി റോഡ് തകർച്ച നേരിടുകയാണ്. റോഡിലെ കുഴികളിലൂടെയുള്ള യാത്ര കാരണം ബസുകളുടെ ലീഫും ടയറും പൊട്ടുന്നു. ബസിനു മറ്റു കേടുപാടുകളും നേരിടുന്നു. ഈ അവസ്ഥയിൽ ബസുകൾക്കു ഇതുവഴി പോകാൻ സാധിക്കുന്നില്ല. റോഡു തകർച്ച കാരണം വൻ സാന്പത്തിക ബാധ്യതയാണ് നിത്യേന വരുന്നതെന്നു ബസുടമകൾ പറയുന്നു.
ഇതിനു പുറമെ ബസ് സ്റ്റാൻഡിലൂടെ യഥേഷ്ടം ചെറുവാഹനങ്ങൾ സർവീസും നടത്തുന്നതും ബുദ്ധിമുട്ടാകുന്നു. റോഡ് നന്നാക്കാൻ വൈകുന്നപക്ഷം ബസുകൾ മൂസക്കുട്ടി ബസ് സ്റ്റാൻഡിൽ പ്രവേശിക്കാതെ റോഡിന്റെ ഇരുഭാഗങ്ങളിലും നിറുത്തി യാത്രക്കരെ കയറ്റുകയും ഇറക്കുകയും ചെയ്യേണ്ടി വരുമെന്നു ബസുടമ സംഘം ഭാരവാഹികൾ മുന്നറിയിപ്പു നൽകി. പ്രസിഡന്റ് സി. ഹംസ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. മുഹമ്മദലി ഹാജി, പി.ജബ്ബാർ, പി.സി.ഹംസപ്പ, സി.പിമുഹമ്മദലി, പാസകോ സഫീർ, പി.എം.എസ്. മാനു എന്നിവർ പ്രസംഗിച്ചു.