ആൻഡമാനില്‍ നിന്നും കൊറിയര്‍ വഴി എംഡിഎംഎ : മൂന്ന് യുവാക്കള്‍ക്ക് 15 വര്‍ഷം കഠിന തടവും പിഴയും
1592882
Friday, September 19, 2025 5:36 AM IST
മഞ്ചേരി: ആൻഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ നിന്നും കൊറിയര്‍ വഴി എംഡിഎംഎ കടത്തിയ മൂന്ന് പ്രതികള്‍ക്ക് മഞ്ചേരി എന്‍ഡിപിഎസ് കോടതി 15 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പാണക്കാട് പഴങ്കരകുഴിയില്‍ നിഷാന്ത് (25), മലപ്പുറം കോട്ടപ്പടി പുതുശ്ശേരി റിയാസ് (33), പാണക്കാട് പട്ടര്‍ക്കടവ് മൂന്നുക്കാരന്‍ സിറാജുദ്ദീന് (30) എന്നിവരെയാണ് ജഡ്ജ് ടി. വര്‍ഗീസ് ശിക്ഷിച്ചത്.
പിഴയടക്കാത്തവര്‍ ഓരോ വര്‍ഷം വീതം അധിക കഠിന തടവ് അനുഭവിക്കണം. 2023 ഫെബ്രുവരി 21നാണ് സംഭവം. കേസിലെ നാലാം പ്രതിയായ മുഹമ്മദ് സാബിദ് ആണ് രാജേന്ദ്രന് എന്ന വ്യാജ മേല്‍വിലാസത്തില്‍ മഞ്ചേരി തുറക്കല്‍ ബൈപാസിലെ ബ്ലൂഡാര്‍ട്ട് കൊറിയര്‍ സര്‍വീസിലേക്ക് അരക്കിലോ തൂക്കം വരുന്ന എംഡിഎംഎ മയക്കു മരുന്ന് അയച്ചത്. ഇവിടെ നിന്നും ഡെലിവറിയെടുത്ത് മയക്കുമരുന്ന് കാറില്‍ കയറ്റുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്.
കാളികാവ് എക്സൈസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ടി. ഷിജുമോന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം എക്സൈസ് ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ പി.കെ. മുഹമ്മദ് ഷഫീഖും സംഘവും നടത്തിയ പരിശോധനയിലാണ് കിസാന്‍ ജാം, പീനട്ട് ബട്ടര്‍ എന്നിവയുടെ ഗ്ലാസ് ജാറുകളില്‍ കടത്തിയ മയക്കുമരുന്ന് പിടികൂടിയത്. ഒന്നാം പ്രതി നിഷാന്തിന്റെ പേരിലായിരുന്നു കൊറിയര്‍ എത്തിയത്.
കേസിലെ നാലാം പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല. എക്സൈസ് ക്രൈംബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്.എന്‍. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആൻഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ പോയി കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി. സുരേഷ് 22 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 52 രേഖകളും ഹാജരാക്കി. പ്രതികളെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.