യാസര്‍ വധം: നാലാം പ്രതിയെ കോടതി വെറുതെ വിട്ടു
1592888
Friday, September 19, 2025 5:36 AM IST
മഞ്ചേരി: തിരൂര്‍ ആമപ്പാറക്കല്‍ യാസറി(39)നെ വെട്ടി കൊലപ്പെടുത്തിയെന്ന കേസില്‍ ഒളിവില്‍ പോകുകയും പിന്നീട് പിടിയിലാകുകയും ചെയ്ത നാലാം പ്രതിയെ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) വെറുതെ വിട്ടു. തിരൂര്‍ തൃക്കണ്ടിയൂര്‍ സുരേന്ദ്രന് എന്ന സുര (55)നെയാണ് ജഡ്ജ് എ.വി. ടെല്ലസ് വെറുതെ വിട്ടത്.
1998 ആഗസ്റ്റ് 17നാണ് കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട യാസര്‍ മതം മാറിയതിലും മറ്റുള്ളവരെ മതം മാറാന്‍ പ്രേരിപ്പിച്ചതിലുമുള്ള വിരോധം മൂലം കൊലപ്പെടുത്തുകയായിരുന്നുവെന്നായിരുന്നു പോലീസ് ഭാഷ്യം. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പ്രതികള്‍. രാത്രി രണ്ടിന് കുട്ടിയെ ഡോക്ടറെ കാണിക്കാന്‍ പോയതായിരുന്നു യാസര്‍.
തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ ആരോ അന്വേഷിച്ച് വന്ന വിവരം മകളില്‍ നിന്നും അറിഞ്ഞ യാസര്‍ കാര്യമറിയാന്‍ പുറത്തിറങ്ങിയതായിരുന്നു. ഈ സമയം മാരകായുധങ്ങളുമായി എത്തിയ പ്രതികള്‍ തിരൂര്‍ കല്ലിങ്ങല്‍ പയങ്കുളങ്ങര ജംഗ്ഷനിലെ ഫയര്സ്റ്റേഷന് സമീപം വച്ച് വെട്ടികൊലപ്പെടുത്തുകയും സുഹൃത്ത് ബൈജു എന്ന അബ്ദുൾ അസീസിനെ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന് കേസ്.
ഈ കേസില്‍ അഞ്ചു പ്രതികളെ 2005 ജൂണ്‍ രണ്ടിന് മഞ്ചേരി രണ്ടാം അതിവേഗ കോടതി ജഡ്ജായിരുന്ന കെ.കെ. ചന്ദ്രദാസ് തെളിവിന്റെ അഭാവത്തില്‍ വെറുതെ വിട്ടിരുന്നു. തുടര്‍ന്ന് പരാതിക്കാരന് ഹൈക്കോടതിയില്‍ അപ്പീല്‍ പോവുകയായിരുന്നു. ഹൈക്കോടതി കൊലപാതകത്തിന് ജീവപര്യന്തം തടവും 25000 രൂപ വീതം പിഴ, അന്യായമായി സംഘം ചേര്‍ന്നതിന് ആറുമാസം കഠിനതടവ്, ലഹള നടത്തിയതിന് ഒരു വര്‍ഷം കഠിനതടവ്,
മാരകായുധങ്ങള്‍ കൈവശം വച്ചതിന് രണ്ടുവര്‍ഷം കഠിനതടവ്, വധശ്രമത്തിന് ഏഴ്വര്‍ഷം കഠിനതടവ്, 10000 രൂപ വീതം പിഴ എന്നിങ്ങനെ ശിക്ഷ വിധിച്ചു. എന്നാല്‍ പ്രതികള്‍ അപ്പീല്‍ പോയതിനെ തുടര്‍ന്ന് സുപ്രീം കോടതി കീഴ്ക്കോടതി ശിക്ഷ ശരിവച്ച് പ്രതികളെ വെറുതെ വിടുകയായിരുന്നു.
മൊത്തം എട്ടു പ്രതികളുള്ള കേസിലെ രണ്ടാംപ്രതി തിരൂര്‍ തലക്കാട് വേലായുധന് മകന് രവീന്ദ്രന് എന്ന രവി എന്‍ഡിഎഫ് - ബിജെപി സംഘട്ടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. അഞ്ചാം പ്രതി തലക്കാട് നിമത്തല ബാലകൃഷ്ണന് കുറ്റക്കാരനല്ലെന്നു കണ്ട് കോടതി നേരത്തെ വെറുതെവിട്ടിരുന്നു. നാലാം പ്രതിക്ക് വേണ്ട് അഡ്വ. മാഞ്ചേരി നാരായണന് ഹാജരായി.