വിവിധ കേസുകളില്‍ ഒളിവില്‍ കഴിഞ്ഞ മൂന്നുപേര്‍ പൊന്നാനി പോലീസിന്റെ പിടിയില്‍
1592889
Friday, September 19, 2025 5:36 AM IST
പൊന്നാനി: വിവിധ കേസുകളില്‍ ഒളിവില്‍ കഴിഞ്ഞ മൂന്നുപേര്‍ പൊന്നാനി പോലീസിന്റെ പിടിയില്‍.ബാറില്‍ കയറി മാനേജറെയും കസ്റ്റമറെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞ പൊന്നാനി സ്വദേശി അത്തോണി പറമ്പിൽ അൻസാർ എന്ന അൻസാറിനെ ചെന്നൈയില്‍ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. സംഭവത്തിൽ മൂന്ന് പ്രതികളെ സംഭവ ദിവസം തന്നെ പോലിസ് പിടികൂടിയിരുന്നു.
മോഷണം, അടിപിടി ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ അന്‍സാര്‍ എന്ന് പൊന്നാനി സിഐ ബിജു പറഞ്ഞു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും യുവതികളെയും ഇൻസ്റ്റാഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് പീഡനത്തിന് ഇരയായക്കിയ കേസിൽ ഒളിവിൽ കഴിഞ്ഞ പൊന്നാനി മുക്കാടി സ്വദേശി കുന്നത്ത് സൈനുദ്ദീനെയും അന്വേഷണ സംഘം പിടികൂടി.
ചെന്നൈയിലെ തീരുമുടിവാക്കം എന്ന സ്ഥലത്ത് വച്ച് ഇൻസ്റ്റാഗ്രാം വഴി പരിചയം സ്ഥാപിച്ച ലക്ഷദ്വീപ് സ്വദേശിനിയായ പെൺ സുഹൃത്തിന്റെ ഫ്ലാറ്റിൽ ഒളിവിൽ കഴിഞ്ഞ് വരുന്നതിനിടെയാണ് പൊന്നാനി പോലീസ് ചെന്നൈയിലെത്തി സൈനുദ്ദീനെ അറസ്റ്റ് ചെയ്തത്. എറണാകുളത്ത് ജോലി ചെയ്തിരുന്ന സൈനുദ്ദീൻ പോലീസിന്റെ അന്വേഷണം മനസിലാക്കി ചെന്നൈയിലെ കാമുകിയുടെ അടുത്ത് എത്തുകയായിരുന്നു.
ഇയാൾ സംസ്ഥാനത്ത് പല സ്ഥലത്തും മറ്റ് പല യുവതികളുമായി സൗഹൃദം സ്ഥാപിച്ച് അവരുടെ പേരിൽ സിം കാർഡുകൾ എടുത്ത് ഉപയോഗിച്ച് വിവാഹ വാഗ്ദാനം നൽകി യുവതികളെ ദുരുപയോഗം ചെയ്തതായി വിവരം ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലീ പറഞ്ഞു.
അടിപിടി കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് ഒളിവിൽ പോയ പൊന്നാനി അഴീക്കൽ സ്വദേശി മസാന്റകത് ഷഫീക്കിനെയും ചെന്നൈയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി പോലീസ് ഇൻസ്പെക്ടർ അഷറഫ്, എസ്ഐ ബിബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.