കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വയോധികയുടെ കുടുംബത്തിനു ധനസഹായം നൽകി
1245246
Saturday, December 3, 2022 12:40 AM IST
നിലന്പൂർ: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വയോധികയുടെ ആശ്രിതർക്ക് വനം വകുപ്പ് ധനസഹായം നൽകി. കാട്ടാനയുടെ ആക്രമണത്തിൽ കഴിഞ്ഞ നവംബർ 11 ന് രാത്രി മന്പാട് പഞ്ചായത്തിലെ കണക്കൻകടവിൽ പരശുരാം കുന്നത്ത് പരേതനായ ഷൗക്കത്തലിയുടെ ഭാര്യ ആസ്യ (66) കൊല്ലപ്പെട്ടിരുന്നു. വനംവകുപ്പ് പത്തു ലക്ഷം രൂപയാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബത്തിനു ആശ്വാസ ധനസഹായമായി നൽകുന്നത്.
അടിയന്തര ധനസഹായമായ അഞ്ചു ലക്ഷം രൂപയുടെ ചെക്കാണ് ആസ്യയുടെ മക്കളായ സക്കീന, സലീന എന്നിവർക്ക് നിലന്പൂർ നോർത്ത് ഡിഎഫ്ഒ ടി. അശ്വിൻകുമാർ ഓടായ്ക്കലിലെ വീട്ടിലെത്തി കൈമാറിയത്. നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് ബാക്കിയുള്ള അഞ്ചു ലക്ഷം രൂപയും കാലതാമസം കൂടാതെ നൽകുമെന്നും ഡിഎഫ്ഒ പറഞ്ഞു. നിലന്പൂർ നോർത്ത് എസിഎഫ് എം.പി. രവീന്ദ്രനാഥൻ, മന്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ശ്രീനിവാസൻ, സ്ഥിരംസമിതി അധ്യക്ഷൻ എം.ടി. അഹമ്മദ്, വാർഡംഗം ജയാ മുരളി, വനസംരക്ഷണ സമിതി പ്രസിഡന്റ് ടി. ബിജു, എടവണ്ണ റേഞ്ച് ഓഫീസർ റഹീസ്, എടക്കോട് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എം. നാരായണൻ, സ്റ്റേഷൻ ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.