കാണാതായ യുവാവ് പുഴയിൽ മരിച്ച നിലയിൽ
1262135
Wednesday, January 25, 2023 9:56 PM IST
കൊണ്ടോട്ടി: കൊട്ടപ്പുറത്ത് നിന്നു കാണാതായ യുവാവിനെ ഫറോക്ക് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടപ്പുറം പട്ടേലത്ത് അലവിക്കുട്ടിയുടെ മകൻ സഫ്വാൻ (26)ആണ് മരിച്ചത്. കഴിഞ്ഞ 23ന് തിങ്കളാഴ്ച കോഴിക്കോട് കുന്ദമംഗലം വർക്ക്ഷോപ്പിൽ നിന്നു ജോലി കഴിഞ്ഞു മടങ്ങിയതായിരുന്നു. പിന്നീട് വിവരങ്ങളുണ്ടായിരുന്നില്ല. നാട്ടുകാരും കുടുംബവും തെരച്ചിൽ നടത്തുന്നതിനിടെയാണ് ഫറോക്ക് ചന്തക്കടവിൽ ചാലിയാർ തീരത്ത് ഇന്നലെ രാവിലെ എട്ടോടെ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം ഒരാൾ പുഴയിൽ വീണുവെന്ന വിവരത്തെ തുടർന്ന് ഈ ഭാഗത്ത് മീഞ്ചന്ത ഫയർഫോഴ്സ് സംഘം പരിശോധന നടത്തിയിരുന്നു. എന്നാൽ ആരെയും കണ്ടെത്താനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നു കബറടക്കും. പിതാവ്: അലവിക്കുട്ടി. മാതാവ്: സക്കീന. സഹോദരങ്ങൾ: അമീർ ഫൈസൽ, ഷാന ഷെറിൻ.