പെരിന്തൽമണ്ണയിൽ തൊഴിലുറപ്പ് ശില്പശാല
1262606
Saturday, January 28, 2023 12:40 AM IST
പെരിന്തൽമണ്ണ: തൊഴിലുറപ്പിലൂടെ സ്വയം പര്യാപ്തത എന്ന ലക്ഷ്യത്തോടെ പെരിന്തൽമണ്ണ നിയോജക മണ്ഡലം തൊഴിലുറപ്പ് ശില്പശാല സംഘടിപ്പിച്ചു. നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്തു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ വ്യക്തിഗത ആസ്തി വർധിപ്പിക്കുന്നതിനുള്ള ശില്പശാലയിൽ ബ്ലോക്ക് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ അധ്യക്ഷനായിരുന്നു.
ഗ്രാമീണ ജനതയുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ തൊഴിലുറപ്പു പദ്ധതിയെ എങ്ങനെ പ്രയോജനപെടുത്താം എന്നതു സംബന്ധിച്ച് ക്രിയ കമ്മ്യൂണും എടക്കര അഗ്രോ പ്രൊഡ്യൂസർ കന്പനിയും സംയുക്തമായാണ് ശില്പശാല സംഘടിപ്പിച്ചത്. നിലവിൽ പദ്ധതി നേരിടുന്ന വെല്ലുവിളികൾ ശില്പശാല ചർച്ച ചെയ്തു. മെറ്റീരിയലുകളുടെ വില സ്പെക്കിൽ ചേർക്കുന്നത്, ആവശ്യമായ മെറ്റീരിയലുകൾ കൂട്ടിചേർക്കുന്നത്, സ്കിൽഡ് - സെമി-സ്കിൽഡ് ലേബേഴ്സിന്റെ വേതനം അണ്സ്കിൽഡ് ലേബേഴ്സിന്റെ വേതനത്തോടൊപ്പം ലഭ്യമാക്കുക, മെറ്റീരിയൽ തുക സമയബന്ധിതമായി പരിഷ്കരിക്കുക തുടങ്ങിയ വിഷയങ്ങളടങ്ങിയ റിപ്പോർട്ട് മന്ത്രി എം.ബി. രാജേഷിന് നൽകി പരിഹരിക്കുമെന്നു എംഎൽഎ അഭിപ്രായപ്പെട്ടു.
ശില്പശാലയിൽ എടക്കര അഗ്രോ പ്രൊഡ്യൂസർ കന്പനി സിഇഒ ആർ. ജയകുമാരൻനായർ വിഷയാവതരണം നടത്തി. വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം. മുസ്തഫ, ആലിപ്പറന്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. അഫ്സൽ, പെരിന്തൽമണ്ണ ബ്ലോക്ക് ജെബിഡിഒ ഗഫൂർ, ക്രിയ കമ്മ്യൂണ് പ്രൊജക്ട് കോ-ഓർഡിനേറ്റർ സി. സാബിർ എന്നിവർ പ്രസംഗിച്ചു. പെരിന്തൽമണ്ണ മണ്ഡലത്തിലെ ഗ്രാമ, ബ്ലോക്ക് ജനപ്രതിനിധികൾ, തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥർ, ജെംസ് ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.