കരിന്പായകോട്ടയിലെ ലഹരി സംഘങ്ങളെ തടയാൻ നടപടി
1262607
Saturday, January 28, 2023 12:40 AM IST
നിലന്പൂർ: ചാലിയാർ പഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കരിന്പായകോട്ടയിലെ ലഹരി സംഘങ്ങളെ തടയാൻ നടപടിയുമായി ചാലിയാർ ഗ്രാമപഞ്ചായത്ത്. ഇന്നലെ ചേർന്ന ഭരണ സമിതി യോഗത്തിലാണ് തീരുമാനം. കരിന്പായ കോട്ട ടൂറിസ്റ്റ് കേന്ദ്രം ഉൾപ്പെടുന്ന 11.54 ഏക്കർ സ്ഥലം റവന്യൂ വകുപ്പ് ഗ്രാമപഞ്ചായത്തിന് നൽകാൻ കരാർ ആയിട്ടുണ്ടെങ്കിലും റീസർവേ നടക്കാത്തതിനാൽ കൈമാറ്റം നടന്നിട്ടില്ല.
ഈ സാഹചര്യത്തിൽ ഇടിവണ്ണ അങ്ങാടിയിൽ നിന്നു കരിന്പായ കോട്ടയിലേക്കുള്ള പഞ്ചായത്ത് റോഡിൽ ഇനി മുതൽ വിനോദ സഞ്ചാരികൾക്ക് പ്രവേശനത്തിന് ഹരിതസേന കൂപ്പണ്‍ നൽകും. ഇവരുടെ പേരുകൾ രേഖപ്പെടുത്തും. ഇവർ പ്ലാസ്റ്റിക്ക് കവറുകൾ കൊണ്ടുവന്നാൽ വാങ്ങി വയ്ക്കും. ഇതിനു അവരിൽ നിന്നു തുക ഈടാക്കും. മടങ്ങി പോകുന്പോൾ കവറുകൾ തിരിച്ചു വാങ്ങി കൊണ്ടുപോയാൽ പണം മടക്കി നൽകും. വിനോദ സഞ്ചാരികൾക്ക് ചായ ഉൾപ്പെടെ നൽകാൻ കുടുംബശ്രീക്ക് സ്റ്റാൾ നടത്താനും അനുമതി നൽകി.
അകന്പാടം ബസ് സ്റ്റാൻഡിലേക്ക് നിലവിലുള്ള റോഡ് സ്വകാര്യവ്യക്തിയുടേതാണ്. ബസുകൾ കയറി ഇറങ്ങുന്നതിനുള്ള
തുക ഒരിക്കൽ കൂടി പരിഗണിക്കണമെന്നു ആവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കാനും തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മനോഹരനെയും മുൻ പ്രസിഡന്റ് പി.ടി. ഉസ്മാനെയും ഇതിനായി ചുമതലപ്പെടുത്തി. ഒന്നാം വാർഡിൽ പുതിയതായി തുടങ്ങുവാൻ പോകുന്ന കരിങ്കൽ ക്വാറിക്ക് എതിരെ ഒന്നാം വാർഡ് പാസാക്കിയ പ്രമേയത്തിന്റെ കോപ്പി ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്താനും തീരുമാനിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മനോഹരൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഗീതാ ദേവദാസ്, സ്ഥിരംസമിതി അധ്യക്ഷൻമാരായ ബിനാ ജോസഫ്, സുരേഷ് തോണിയിൽ, സെക്രട്ടറി ഷാഹുൽ ഹമീദ,് അംഗങ്ങളായ പി.ടി. ഉസ്മാൻ, മിനി മോഹൻദാസ്, സിബി അന്പാട്ട്, മഞ്ജു അനിൽ, മജീദ്, ഷെരീഫ്, വിശ്വനാഥൻ, ജയശ്രീ, ഗ്രീഷ്മ പ്രവീണ്‍ എന്നിവർ പങ്കെടുത്തു.