അനധികൃത പിരിവു നടത്തുന്ന ടൂറിസ്റ്റ് ബസുകൾക്കെതിരേ നടപടി: ആർടിഒ
1262609
Saturday, January 28, 2023 12:41 AM IST
മലപ്പുറം: സ്കൂളുകളിൽ നിന്നു വിദ്യാർഥികളെ വിനോദയാത്ര കൊണ്ടുപോകുന്ന ബസുകൾ ഫിറ്റ്നസ് ഉറപ്പു വരുത്തണമെന്ന നിർദേശം മറയാക്കി അനധികൃത പിരിവ് നടത്തുന്ന ടൂറിസ്റ്റ് ബസ് ഉടമകൾക്കെതിരെ നടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്. ഫിറ്റ്നസ്് സർട്ടിഫിക്കറ്റ് എടുക്കേണ്ടത് ബസുടമകളുടെ ചുമതലയായിരിക്കെ ഈ പേരിൽ സ്കൂളിൽ നിന്നു പണം ഈടാക്കുന്നതു ചില സ്കൂളുകളിൽ രക്ഷിതാക്കൾ ചോദ്യം ചെയ്തതോടെയാണ് സംഭവം മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.
എന്നാൽ ഇത്തരം പിരിവ് അനധികൃതമാണെന്നും സ്കൂളുകൾ പ്രസ്തുത സംഖ്യ കൊടുക്കേണ്ടതില്ലെന്നും ആർടിഒ സി.വി.എം ഷരീഫ് അറിയിച്ചു. സ്കൂൾ അധികൃതരോ രക്ഷിതാക്കളോ പരാതിപ്പെടുന്ന പക്ഷം ബസുകൾക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.