സുന്ദരേശൻ വധക്കേസ്; വിചാരണ എട്ടിന്
1264961
Saturday, February 4, 2023 11:44 PM IST
മഞ്ചേരി : ചാലക്കുടി കുലയിട ചെറുവായൂർ കടവുങ്കശേരി കൃഷ്ണന്റെ മകൻ സുന്ദരേശ (53) നെ അടിച്ചു കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ ഫെബ്രുവരി എട്ടിന് മഞ്ചേരി ജില്ലാ സെഷൻസ് കോടതിയിൽ ആരംഭിക്കും.
നെടുവ ഉള്ളണം ഉള്ളേരി അജീഷ് (38) ആണ് കേസിലെ പ്രതി. 2022 മാർച്ച് 29ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. സുന്ദരേശൻ താമസിക്കുന്ന പരപ്പനങ്ങാടി പുത്തരിക്കലിലെ വാടക ക്വാർട്ടേഴ്സിലേക്ക് അതിക്രമിച്ചു കയറിയ പ്രതി പട്ടിക വടികൊണ്ടടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ സുന്ദരേശനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പിറ്റേന്ന് വൈകീട്ട് ആറു മണിയോടെ മരിച്ചു. സംഭവ ദിവസം തന്നെ പോലീസ് പ്രതിയെ പിടികൂടിയിരുന്നു. 2021 സെപ്തംബർ 27ന് പരപ്പനങ്ങാടി ബസ് സ്റ്റാൻഡിൽ വച്ച് അജീഷിനെ സുന്ദരേശൻ മർദിച്ചിരുന്നു. ഇതിലുള്ള വിരോധമാണ് അക്രമത്തിലും കൊലപാതകത്തിലും കലാശിച്ചത്. ആദ്യം വധശ്രമത്തിന് കേസെടുത്ത പോലീസ് സുന്ദരേശൻ മരിച്ചതോടെ ഇന്ത്യൻ ശിക്ഷാനിയമം 302 പ്രകാരം കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തു. പരപ്പനങ്ങാടി പോലീസ് ഇൻസ്പെക്ടറായിരുന്ന ഹണി കെ. ദാസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തതും കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചതും.