കർശന നിർദേശവുമായി മനുഷ്യാവകാശ കമ്മീഷൻ
1299575
Friday, June 2, 2023 11:52 PM IST
മലപ്പുറം: കൊണ്ടോട്ടി ശിഹാബ് തങ്ങൾ ചാരിറ്റബിൾ ഡയാലിസിസ് റിസർച്ച് ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ എന്ന സ്ഥാപനം നടത്തുന്ന മലിനീകരണവുമായി ബന്ധപ്പെട്ടുള്ള പരാതിയിൽ മലിനീകരണ നിയന്ത്രണ ബോർഡ് എണ്‍വയോണ്‍മെന്റൽ എൻജിനീയറും കൊണ്ടോട്ടി നഗരസഭാ സെക്രട്ടറിയും ഡയാലിസിസ് സെന്റർ അധികൃതരും 14 ന് തിരൂരിൽ നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകണമെന്നു മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. ഹാജരാകാതിരുന്നാൽ നിയമാനുസൃതം നടപടിയെടുക്കുമെന്നും ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഇടക്കാല ഉത്തരവിൽ പറഞ്ഞു.
കമ്മീഷന്റെ നിയമാനുസൃതമായ നിർദേശം പാലിക്കണ്ടത് ബന്ധപ്പെട്ട കക്ഷികളുടെ നിയമപരമായ ബാധ്യതയാണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. സെന്ററിന്റെ പ്രവർത്തനം കാരണം പ്രദേശത്തെ കുടിവെള്ളവും നെൽവയലും പരിസ്ഥിതിയും മലിനമാകുമെന്നാരോപിച്ച് സമർപ്പിച്ച പരാതിയിൽ കമ്മീഷൻ മാർച്ച് 10ന് ബന്ധപ്പെട്ടവർക്ക് നിർദേശങ്ങൾ നൽകിയിരുന്നു.
മാലിന്യനിർമാജന സംവിധാനം ഒരുക്കിയ ശേഷം മേയ് 19ന് തിരൂരിൽ നടന്ന സിറ്റിംഗിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ മലപ്പുറം എണ്‍വയോണ്‍മെന്റൽ എൻജിനീയറും കൊണ്ടോട്ടി നഗരസഭാ സെക്രട്ടറിക്കും സ്ഥാപന മേധാവിക്കും നിർദേശം നൽകിയിരുന്നു. എന്നാൽ കക്ഷികൾ ഹാജരാവുകയോ റിപ്പോർട്ട് സമർപ്പിക്കുകയോ ചെയ്തില്ല.
ഇതു മനുഷ്യാവകാശ സംരക്ഷണ നിയമം 1993 പ്രകാരം ഗുരുതര ചട്ട ലംഘനമാണെന്നു കമ്മീഷൻ ഇടക്കാല ഉത്തരവിൽ പറഞ്ഞു.