കരുവാരകുണ്ടിൽ തെരുവുനായയുടെ ആക്രമണം
1337950
Sunday, September 24, 2023 12:49 AM IST
കരുവാരകുണ്ട്: കരുവാരകുണ്ടിൽ തെരുവുനായ ശല്യം അതിരൂക്ഷമായി. കഴിഞ്ഞ ദിവസം ഒരാൾക്കു കടിയേറ്റു. കിഴക്കേത്തലയിലെ വ്യാപാരിക്കാണ് കടിയേറ്റത്. ഇദ്ദേഹം ചികിത്സയിലാണ്. കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലാണ് തെരുവ്നായ്ക്കൾ കൂട്ടമായെത്തി നാട്ടുകാർക്ക് ഭീഷണിയാകുന്നത്.
കിഴക്കേത്തലയിലും പരിസര പ്രദേശങ്ങളിലും നായ്ക്കൾ അലഞ്ഞുതിരിയുകയാണ്. അറവുശാലകളോടു ചേർന്നും വിവിധ കടകളുടെ സമീപത്തുമാണ് നായ്ക്കളെ കൂട്ടത്തോടെ കാണപ്പെടുന്നത്. കിഴക്കേതലയ്ക്ക് പുറമേ പുന്നക്കാട്, കരുവാരകുണ്ട് അങ്ങാടി, ചിറക്കൽ, മാന്പറ്റ, തരിശ്, കേരള എസ്റ്റേറ്റ്, കുട്ടത്തി, പുൽവെട്ട തുടങ്ങിയ പ്രദേശങ്ങളിലും നായ ശല്യമുണ്ട്. രാവിലെ മദ്രസയിൽ പോകുന്ന കുട്ടികൾക്കാണ് തെരുവുനായ്ക്കൾ ഏറെ ഭീഷണിയാകുന്നത്.
പ്രഭാത നടത്തക്കാർക്കും മറ്റു യാത്രക്കാർക്കും തെരുവുനായ്ക്കൾ വലിയ ശല്യമാണ് തീർക്കുന്നത്.
തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നിന്നു രക്ഷപ്പെടാനായി ഓടുന്നതിനിടെ വീണു പലർക്കും പരിക്കേറ്റിട്ടുണ്ട്. സന്ധ്യയാകുന്നതാടെ തെരുവുനായ്ക്കൾ ബസ് സ്റ്റാൻഡും പരിസരവും കീഴടക്കും. രാത്രിയായിൽ ബസ് സ്റ്റാൻഡിലേക്കോ ബസ് സ്റ്റാൻഡ് പരിസരത്തേക്കോ യാത്രക്കാർക്ക് എത്തിപ്പെടാൻ കഴിയാത്ത അവസ്ഥയാണുള്ളത്. വളർത്തുമൃഗങ്ങൾക്കും ഇവ ഭീഷണിയാണ്. നായശല്യം ഒഴിവാക്കുന്നതിന് ക്രിയാത്മകമായ നടപടികൾ സ്വീകരിക്കണമെന്ന് പല തവണയായി അധികൃതരോട് നാട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ നടപടിയില്ല.