"കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകന് സാന്പത്തിക സഹായം ലഭ്യമാക്കണം’
1338347
Tuesday, September 26, 2023 12:27 AM IST
എടക്കര: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകന് സർക്കാർ സാന്പത്തിക സഹായം ഉടൻ ലഭ്യമാക്കണമെന്ന് കേരള കർഷക സംഘം എടക്കര ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.
പോത്ത്കല്ല് പഞ്ചായത്തിലെ മേലേ ചെന്പൻകൊല്ലി പാലക്കാട്ട് തോട്ടത്തിൽ ജോസ് തോമസ് (63) ആണ് കാട്ടാനയുടെ ആക്രമണത്തിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് അഞ്ചിന് പശുവിനെ തീറ്റുന്നതിനിടെയാണ് കാട്ടാന കർഷകനെ കൊലപ്പെടുത്തിയത്.
പോത്ത്കല്ല് കരിയംമുരിയം വനത്തോട് ചേർന്ന പ്രദേശത്ത് പാലക്കുഴിയിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. വനാതിർത്തിയിൽ 50 മീറ്റർ വീതിയിൽ അടിക്കാടുകൾ വെട്ടിമാറ്റണം.
ജനവാസ കേന്ദ്രത്തോട് ചേർന്ന് സോളാർ ഫെൻസിംഗ് സ്ഥാപിക്കണം. തെരുവുവിളക്കുകൾ സ്ഥാപിക്കാനും നടപടി സ്വീകരിക്കണം. മലയോര മേഖലയിൽ കാട്ടാന ശല്യം കാരണം കർഷകർക്ക് കൃഷിയിറക്കാൻ കഴിയാത്ത സാഹചര്യമാണ്. കർഷകർ നിരന്തരം വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാവുകയാണ്. ഇതിനു ശാശ്വത പരിഹാരം കാണണം.
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മരണപ്പെട്ടാൽ സർക്കാർ പത്ത് ലക്ഷം രൂപ ധനസഹായം നൽകാറുണ്ട്. മരണപ്പെട്ട ജോസിന്റെ കുടുംബത്തിന് സഹായം ഉടൻ കൈമാറണം. ധനസഹായത്തിന് മുന്നോടിയായുള്ള റിപ്പോർട്ട് വനപാലകർ സമർപ്പിച്ച് തുക വേഗത്തിൽ കൈമാറാൻ നടപടി സ്വീകരിക്കണമെന്ന് കേരള കർഷക സംഘം എടക്കര ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ ഏരിയാ പ്രസിഡന്റ് വി.കെ. ഷാനവാസ് അധ്യക്ഷനായിരുന്നു. കർഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി എം. സുകുമാരൻ, കർഷക സംഘം ഏരിയ സെക്രട്ടറി എ.ടി. റെജി എന്നിവർ പ്രസംഗിച്ചു.