സ്വകാര്യ ബസ് ഇടിച്ച് വയോധികന് ദാരുണാന്ത്യം
1577172
Saturday, July 19, 2025 10:23 PM IST
കോഴിക്കോട്: റോഡ് മുറിച്ചുകടക്കവേ സ്വകാര്യ ബസ് ഇടിച്ച് വയോധികന് ദാരുണാന്ത്യം. നെടുങ്ങാടി ബാങ്ക് റിട്ടയേര്‍ഡ് മാനേജര്‍ ഫറൂഖ് കോളജ് കുറ്റൂളങ്ങാടി കൊയ്യപ്പുറത്ത് ഗംഗാധര പണിക്കര്‍ (84) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം.രാമനാട്ടുകരയ്ക്കടുത്ത് അഴിഞ്ഞിലം തളി മഹാവിഷ്ണു ക്ഷേത്രത്തിലെ സപ്താഹത്തില് പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഗംഗാധര പണിക്കര്‍.
ക്ഷേത്രത്തിന്റെ മുന്നില്‍നിന്ന് ആറുവരി പാത മുറിച്ചു കടക്കുന്നതിനിടെ റൂട്ട് മാറി ആറുവരി പാതയിലൂടെ പാലക്കാട്ടേക്ക് പോയ സന എന്ന ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗംഗാധര പണിക്കര്‍ അന്‍പതുമീറ്ററോളം ദൂരത്തേക്ക് തെറിച്ചുവീണു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു.