സാം തോമസിനെ ആദരിച്ചു
1577280
Sunday, July 20, 2025 5:13 AM IST
കോഴിക്കോട്: അര നൂറ്റാണ്ടിലേറെയായി മലയാള നാടകവേദിയിൽ സജീവ സാന്നിധ്യമായ സാം തോമസ് ദേവഗിരിയെ കോഴിക്കോട് താളിയോല സാംസ്കാരിക സമിതിയും ചാവറ കൾച്ചറൽ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ ആദരിച്ചു.
നാടകരചയിതാവ്, നടൻ, സംവിധായകൻ, ഗായകൻ എന്നീ നിലകളിൽ കോഴിക്കോടൻ നാടകവേദിക്ക് സുപരിചിതനായ സാം തോമസ് ജീവിതം കലയാക്കിയ വ്യക്തിയാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത പ്രമുഖ മലയാള സിനിമാ സംവിധായകൻ വി.എം. വിനു പറഞ്ഞു.
കലാഭവൻ പ്രസിഡന്റ് ഫാ. ചെറിയാൻ കുനിയന്തോടത്ത് സിഎംഐ പൊന്നാട അണിയിച്ചു. ചടങ്ങിൽ താളിയോല സാംസ്കാരിക സമിതി പ്രസിഡന്റ് പി.ഐ. അജയൻ, പ്രശസ്ത കവി പി.പി. ശ്രീധരനുണ്ണി, സെന്റ് ജോസഫ്സ് കോളജ് പ്രിൻസിപ്പൽ ഫാ. ഡോ. ബിജു ജോസഫ് സിഎംഐ ,
ചാവറ കൾച്ചറൽ സെന്റർ പ്രസിഡന്റ് ഫാ. ജോൺ മണ്ണാറത്തറ, വിൽസൻ സാമുവൽ, ഡോ റോഷൻ ബിജിലി , കെ.എഫ്. ജോർജ്, ഫാ. സിബി പൊൻപാറ, പി.പി. വൈരമണി എന്നിവർ പ്രസംഗിച്ചു. സാം തോമസ് മറുപടി പ്രസംഗം നടത്തി.