വീട്ടുമുറ്റത്തും ആനകളിറങ്ങി : വിലങ്ങാട് കാട്ടാനക്കൂട്ടം ഇറങ്ങി; വൻ കൃഷി നാശം
1577272
Sunday, July 20, 2025 5:13 AM IST
നാദാപുരം: വാണിമേൽ പഞ്ചായത്തിലെ മലയോര മേഖലകളായ ചിറ്റാരിയിലും, പൂവത്താം കണ്ടിയിലും കാട്ടാനകൂട്ടമിറങ്ങി വ്യാപക കൃഷി നാശം . ചിറ്റാരിയിൽ നിരവധി കർഷകരുടെ 30 ലേറെ തെങ്ങുകൾ, കമുങ്ങുകൾ, റബറുകൾ എന്നിവ കൂട്ടത്തോടെ ആനകൾ നശിപ്പിച്ചു. വാഴ, വള്ളികൾ എന്നിവയും ആനക്കൂട്ടം പിഴുതെറിഞ്ഞു.
പൂവത്താം കണ്ടിയിലും വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചതായി കർഷകർ പറഞ്ഞു. ഒരാഴ്ച്ചയിലേറെയായി ആനകൾ കൃഷിയിടത്തിൽ തന്നെ തമ്പടിച്ച് വിളകൾ നശിപ്പിക്കുകയായിരുന്നു.
വെള്ളിയാഴ്ച്ച പുലർച്ചെ അഞ്ചോടെയാണ് മലയങ്ങാടിന് സമീപം പൂവത്താംകണ്ടിയിൽ വർക്കിയുടെ വീടിന്റെമുറ്റത്ത് കാട്ടാന ഇറങ്ങിയത്. ആനയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ ഉന്നതി നിവാസികൾ ബഹളം ഉണ്ടാക്കുകയും വിവരം വനം വകുപ്പിൽ അറിയിക്കുകയും ആയിരുന്നു. ജനവാസ കേന്ദ്രമായ ചിറ്റാരി സുന്ദരി മുക്കിലും ഇന്നലെ പുലർച്ചെ നാലോടെ ആനകൾ ഇറങ്ങിയത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി. വിലങ്ങാട് നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയാണ് ആനകളെ വനത്തിലേക്ക് തുരത്തിയത്.
കണ്ണൂർ ജില്ലയിലെ കണ്ണവം വനത്തിൽ നിന്നാണ് ആനകൾ കോഴിക്കോട് ജില്ലയിലെ കൃഷിയിടത്തിൽ ഇറങ്ങുന്നത്. ഒറ്റയാനും, കുട്ടി ആനകളും ഉൾപ്പെടുന്ന ആറ്, ഏഴ് ആനകൾ അടങ്ങുന്ന രണ്ട് കൂട്ടമാണ് മേഖലയിൽ കൃഷിയിടത്തിലും ജനവാസ കേന്ദ്രത്തിലും ഇറങ്ങുന്നത്. വന മേഖലയിൽ ഫെൻസിംഗ് ലൈനുകളുടെ പ്രവൃത്തി പൂർത്തിയാക്കാത്തതും, ലൈനുകൾ യഥാസമയം അറ്റകുറ്റ പ്രവൃത്തി നടത്താത്തതുമാണ് ആനകൾ കാടിറങ്ങാൻ കാരണമെന്ന് കർഷകർ പറയുന്നു.
ചെക്യാട്, വാണിമേൽ, വളയം പഞ്ചായത്തുകളുടെ വന മേഖലകളോട് ചേർന്ന് നിൽക്കുന്ന കൃഷിയിടങ്ങളിൽ 20 ലേറെ ആനകൾ തമ്പടിച്ചതായായാണ് വനം വകുപ്പ് തന്നെ സ്ഥിതീകരിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ ലക്ഷങ്ങളുടെ കൃഷി നാശമാണ് ആനകൾ ഈ മേഖലയിൽ മാത്രം വരുത്തിയത്.
വിലങ്ങാട് സെക്ഷൻ ഫോറസ്റ്റ് ഉദ്യോഗസ്ഥരും, ചിറ്റാരി കേന്രമായി അടുത്തിടെ രൂപീകരിച്ച ആറ് പേർ അടങ്ങുന്ന പിആർടി (പ്രൈമറി റസ്പോൺസ് ടീം) അംഗങ്ങളും ചേർന്ന് മണിക്കൂറുകൾ നീണ്ട കഠിന പ്രയത്നത്തിനൊടുവിൽ ആനക്കൂട്ടങ്ങളെ ചിറ്റാരി, പുവത്താം കണ്ടി മേഖലകളിൽ നിന്ന് കണ്ണവം വനത്തിലേക്ക് തുരത്തി ഓടിച്ചു. ഉൾവനത്തിലെ കനത്ത മഴയും, കോടയും കാരണം ഏറെ സാഹസികമായാണ് വനപാലകർ ആനകളെ തുരത്തി ഓടിച്ചത്.