വിലങ്ങാട് കുറ്റല്ലൂർ ഉന്നതിയിൽ ഒറ്റയാൻ കൃഷി നശിപ്പിച്ചു
1577642
Monday, July 21, 2025 5:27 AM IST
നാദാപുരം: ചിറ്റാരിയിൽ നിന്ന് കണ്ണവം വനത്തിലേക്ക് കാട് കയറ്റിവിട്ട ഒറ്റയാൻ ഉൾപ്പെട്ട കാട്ടാനകൾ കുറ്റല്ലൂർ ഉന്നതിയിൽ ഇറങ്ങി വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചു.
കണ്ണൂർ ജില്ലയിലെകണ്ണവം വനത്തോട് ചേർന്ന കോഴിക്കോട് ജില്ലയിലെ ജനവാസ മേഖലയായ കുറ്റല്ലുർ ആദിവാസി ഉന്നതിയിലാണ് ഒറ്റയാൻ ഇറങ്ങി ഭീതി പരത്തിയത്. ഞായറാഴ്ച്ച പുലർച്ചെ നാലോടെയാണ് ആനകൾ സർവ്വ നാശം വിതച്ചത്. 15 ലേറെ കുടുംബങ്ങളാണ് കുറ്റല്ലൂർ ഉന്നതിയിൽ താമസിക്കുന്നത്.
മുള്ളൻ കല്ലിൽ ബാബു, ചന്തു എന്നീ കർഷകരുടെ തെങ്ങുകൾ, റബർ, കമുങ്ങുകൾ വ്യാപകമായി നശിപ്പിച്ചു. ഇരുപതും, മുപ്പത് വർഷം പ്രായമായതും കായ്ഫലം ഏറെയുള്ളതുമായ തെങ്ങുകൾ പിഴുതെറിഞ്ഞ നിലയിലാണ്.
ടാപ്പിംഗ് നടത്തുന്ന അമ്പതിലേറെ റബർ മരങ്ങളും ഈ മേഖലയിൽ മാത്രം നശിപ്പിച്ചു. ശനിയാഴ്ച്ചയാണ് ചിറ്റാരിയിലും, പൂവത്താംകണ്ടിയിലും ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി കൃഷി നശിപ്പിക്കുകയും ഭീതി പരത്തുകയും ചെയ്ത രണ്ട് കൂട്ടങ്ങളായി തമ്പടിച്ചിരുന്ന ആനകളെ വനം വകുപ്പ് അധികൃതർ വനത്തിലേക്ക് തുരത്തി ഓടിച്ചത്.
എന്നാൽ ആനക്കൂട്ടം ഉൾവനത്തിലേക്ക് പോവാതെ കാടിറങ്ങി ചിറ്റാരി പ്രദേശത്തിന് മുകൾ ഭാഗം വഴി കുറ്റല്ലൂർ ഉന്നതിയിൽ ഇറങ്ങുകയായിരുന്നെന്ന്
പ്രദേശവാസികൾ പറഞ്ഞു. ഈ മേഖലയിൽ വന മേഖലയോട് ചേർന്ന് ഫെൻസിംഗ് ലൈനുകൾ സ്ഥാപിച്ചിരുന്നില്ല. ഇത് കാരണം ആനകൾക്ക് കൃഷിയിടത്തിലിറങ്ങാൻ സൗകര്യം ലഭിച്ചെന്നും ഉന്നതി നിവാസികൾ പറഞ്ഞു.
കാട് കയറിയ മറ്റൊരു കൂട്ടം ആനകൾ കമ്പിളി പ്പാറയ്ക്ക് സമീപം നുറുക്ക് കല്ലിലും എത്തി കാർഷിക വിളകൾ നശിപ്പിച്ചു. ചങ്ങളത്ത് പറമ്പിൽ സോജന്റെ കൃഷിയിടത്തിലാണ് ആനകൾ ഇറങ്ങി കാർഷിക നാശം വിതച്ചത്. ഇവിടെയും തെങ്ങുകളാണ് ഏറെയും നശിപ്പിച്ചത്.
കൃഷിനാശവും, ആനകളിറങ്ങിയതുമെല്ലാം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും ആരും സ്ഥലത്ത് എത്തിയില്ലെന്ന് നാട്ടുകാർ ആരോപിച്ചു.