പൂവാറൻതോട് ഗവ. എൽപി സ്കൂളിന് വൈദ്യുതി ലൈൻ ഭീഷണി
1577636
Monday, July 21, 2025 5:27 AM IST
കെട്ടിടത്തിന്റെ മേൽക്കൂരക്ക് ചോർച്ചയും
കൂടരഞ്ഞി: പൂവാറൻതോട് ഗവ. എൽപി സ്കൂളിന് വൈദ്യുതി ലൈൻ ഭീഷണി. സ്കൂളിന്റെ ഗ്രൗണ്ടിലൂടെയാണ് വൈദ്യുതി ലൈൻ കടന്നുപോകുന്നത്. നിരവധി തവണ വൈദ്യുതി ലൈൻ മാറ്റി സ്ഫാപിക്കാൻ കെഎസ്ഇബി അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ലൈൻ മാറ്റി സ്ഥാപിച്ചിട്ടില്ല.
ഈ പ്രദേശത്ത് 2012 ലാണ് വൈദ്യുതി എത്തിയത്. അന്നുമുതൽ സ്കൂൾ ഗ്രൗണ്ടിലൂടെയാണ് കെഎസ്ഇബി വൈദ്യുതി ലൈൻ പോകുന്നത്. ഇതിന്റെ അപകടഭീഷണി നാട്ടുകാർ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തിയതാണ്. അന്ന് ഉദ്യോഗസ്ഥർ സാങ്കേതിക തടസം പറഞ്ഞപ്പോൾ വൈദ്യുതി തീരെ ഇല്ലാത്ത നാട്ടിൽ എങ്ങനെയെങ്കിലും വൈദ്യുതി ലഭിക്കട്ടെ എന്നതിനാൽ നാട്ടുകാർ സമ്മതിക്കുകയായിരുന്നു.
എന്നാൽ കഴിഞ്ഞ അഞ്ച് വർഷം മുൻപ് സ്കൂൾ വാർഷികത്തോട് അനുബന്ധിച്ചു പന്തൽ ഇടുമ്പോൾ ലൈനിൽ തട്ടി അപകടം ഉണ്ടാകേണ്ടതായിരുന്നു. അന്ന് ബിജു എന്നയാൾ തലനാരിഴക്ക് രക്ഷപെടുകയായിരുന്നു.
ഇതിന് ശേഷം നിരവധി തവണ പഞ്ചായത്ത് അതികൃതരോടും കെഎസ്ഇബി ഉദ്യോഗസ്ഥരോടും പരാതി പറഞ്ഞെങ്കിലും പരിഹാരം കണ്ടില്ല. കൂടാതെ 30 വർഷം പഴകിയ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂരക്ക് ചോർച്ചയും ജനലുകൾ തകർന്നും ചുറ്റുമതിൽ ഇടിഞ്ഞും അപകട ഭീഷണിയുണ്ട്.
മലയോര മേഖലയായതുകൊണ്ട് പ്രദേശത്ത് ശക്തമായ മഴയും കാറ്റും ഉണ്ടാവാറുണ്ട്. കെട്ടിടത്തിന്റെ അവസ്ഥ പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ട് യാതൊരു നടപടിയും ഉണ്ടയില്ലെന്നും പിടിഎ ഭാരവാഹികൾ പറഞ്ഞു. ഒരു കുട്ടിയുടെ ജീവൻ നഷ്ടമാകുന്നതിന് മുന്പ് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.