വന്യമൃഗ ആക്രമണത്തിനെതിരേ എകെസിസി പ്രതിഷേധറാലി
1577276
Sunday, July 20, 2025 5:13 AM IST
കൂരാച്ചുണ്ട്: വർധിച്ചു വരുന്ന വന്യമൃഗ ആക്രമണങ്ങൾ മൂലം മലയോര മേഖലകളിലെ ജനങ്ങളുടെ ജീവിതം വഴിമുട്ടിയ സാഹചര്യത്തിൽ "ഞങ്ങൾക്കിവിടെ ജീവിക്കണം' എന്ന മുദ്രാവാക്യം ഉയർത്തി താമരശേരി രൂപത കത്തോലിക്ക കോൺഗ്രസ്, കൂരാച്ചുണ്ട് മരുതോങ്കര ഫൊറോനകളിലെ വിവിധസംഘടനകളുടെ നേതൃത്വത്തിൽ ഓഗസ്റ്റ് രണ്ടിന് പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ച് ഓഫീസിലേക്ക് മലയോര കർഷക അതിജീവന റാലി സംഘടിപ്പിക്കാൻ തീരുമാനിച്ചു.
എകെസിസി കൂരാച്ചുണ്ട്, മരുതോങ്കര ഫൊറോന കമ്മിറ്റികളുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.ഓഗസ്റ്റ് രണ്ടിന് നടക്കുന്ന പ്രതിഷേധ റാലി താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യും. വന്യമൃഗ ആക്രമണം മനുഷ്യാവകാശ ലംഘനമാണ്. ഇതിനെതിരേയുള്ള പോരാട്ടങ്ങൾ അനിവാര്യമാണ്.
വന്യമൃഗ സംരക്ഷണത്തിന്റെ പേരിൽ കോടാനുകോടി രൂപയുടെ ഫണ്ടുകൾ ധൂർത്തടിക്കുന്ന വനം വകുപ്പ് നിഗൂഡമായ കർഷക കുടിയൊഴിപ്പിക്കലും, കർഷക ദ്രോഹവുമാണ് നടത്തുന്നതെന്ന് യോഗം ആരോപിച്ചു. എകെസിസി രൂപത പ്രസിഡന്റ് ഡോ.ചാക്കോ കാളംപറമ്പിൽ യോഗം ഉദ്ഘാടനം ചെയ്തു. മരുതോങ്കര ഫൊറോന ഡയറക്ടർ ഫാ. ആന്റോ മൂലയിൽ അധ്യക്ഷത വഹിച്ചു.
കൂരാച്ചുണ്ട് ഫൊറോന ഡയറക്ടർ ഫാ. വിൻസെന്റ് കണ്ടത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഡയറക്ടർമാരായ ഫാ. ഡൊമിനിക് മുട്ടത്തുകൂടി, ഫാ. ജോർജ് വരിക്കശേരി, ഫാ. എമ്മാനുവേൽ കുറൂർ, ഫാ. ജിനോ ചുണ്ടയിൽ, ഫാ. ജോസഫ് കൂനാനിക്കൽ, ഫാ. കുര്യാക്കോസ് കൊച്ചുകൈപ്പേൽ, ഫാ. ഏബ്രഹാം വള്ളോപ്പള്ളി ഭാരവാഹികളായ ജോൺസൺ കക്കയം, ജോഷി കറുകമാലില്‍, ഡോ. ജോൺ കട്ടക്കയം, നിമ്മി പൊതിയിട്ടേൽ, ജോസ് ചെറുവള്ളിൽ എന്നിവർ പ്രസംഗിച്ചു.