ആംബുലൻസ് വേണ്ടെന്നുവച്ച നടപടി പുനഃപരിശോധിക്കണം: യുഡിഎഫ്
1577643
Monday, July 21, 2025 5:27 AM IST
പേരാമ്പ്ര: വടകര എംപി ഷാഫി പറമ്പിലിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും പേരാമ്പ്ര ഗവ. താലൂക്ക് ആശുപത്രിക്കു അനുവദിച്ച ആംബുലൻസ് ആവർത്തനച്ചിലവുകൾക്കു ഫണ്ടില്ല എന്ന കാരണം കണ്ടെത്തി ഫണ്ട് ലാപ്സാക്കുവാനുള്ള തീരുമാനം പിൻവലിക്കണമെന്ന് യുഡിഎഫ് പേരാമ്പ്ര നിയോജകമണ്ഡലം നേതൃയോഗം യോഗം ആവശ്യപ്പെട്ടു.
ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയിലും എച്ച്എംസി മീറ്റിംഗിലും ചർച്ച ചെയ്യാതെ ആശുപത്രിക്കു എംപിയുടെ ആംബുലൻസ് വേണ്ട എന്ന തീരുമാനത്തിന് പിന്നിൽ രാഷ്ട്രീയ താല്പര്യങ്ങളാണ്. പാവപ്പെട്ട രോഗികളോടുള്ള വെല്ലു വിളിയാണിത്. പേരാമ്പ്ര താലൂക്കു ആശുപത്രിയിൽ ഇപ്പോൾ ആംബുലൻസ് സർവീസില്ല.
നേരത്തെ എച്ച്എംസി നിയമിച്ച ആംബുലൻസ് ഡ്രൈവർ ഇപ്പോഴും ആശുപത്രിയിൽ നിലവിലുണ്ടെന്നിരിക്കെയാണ് ബ്ലോക്ക് പഞ്ചായത്ത് ഭരണ നേതൃത്വത്തിന്റെ ഈ നിഷേധാത്മക തീരുമാനം. ഇതിനെതിരേ ശക്തമായ സമരപരിപാടികൾ ആരംഭിക്കുവാനും യോഗം തീരുമാനിച്ചു.
സംസ്ഥാന സർക്കാറിന്റെ ദുർഭരണത്തിനെതിരേ 23 ന് നടക്കുന്ന കളക്ട്രേറ്റ് ധർണയിൽ പേരാമ്പ്ര നിയോജകമണ്ഡലത്തിൽ നിന്നും 1000 പേരെ പങ്കെടുപ്പിക്കുവാനും തീരുമാനിച്ചു. യുഡിഎഫ് ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ ടി.കെ. ഇബ്രാഹിം അധ്യക്ഷനായിരുന്നു.