അഞ്ച് സീനിയർ വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു
1577274
Sunday, July 20, 2025 5:13 AM IST
നടുവണ്ണൂർ: വാകയാട് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ സ്കൂളിലെ അഞ്ച് സീനിയർ വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു.
പ്ലസ് വൺ സയൻസ് വിദ്യാർഥിയെയാണ് പ്ലസ് ടു സയൻസ് ബാച്ചിലെ വിദ്യാർഥികൾ മർദിച്ച് പരിക്കേൽപിച്ചത്. ജൂണിയര്‍ വിദ്യാർഥികൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യരുതെന്ന് സീനിയർ വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു. ഇതുമായുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്. വിദ്യാർഥിക്ക് ശരീരമാസകലം മർദനമേറ്റ പാടുണ്ട്.
പ്രിൻസിപ്പലിന് ലഭിച്ച പരാതി പോലീസിന് കൈമാറിയതിനെ തുടർന്ന് കേസെടുത്തിരുന്നു. സ്കൂളിൽ അടിയന്തര സ്റ്റാഫ് യോഗവും പിടിഎയും ചേർന്നാണ് അക്രമത്തിൽ പങ്കെടുത്ത വിദ്യാർഥികളെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.