ഹൈവേ നിർമാണം അപകട ഭീഷണി ഉയർത്തുന്നെന്ന് ആക്ഷേപം
1602149
Thursday, October 23, 2025 5:18 AM IST
ചക്കിട്ടപാറ: മലയോര ഹൈവേയുടെ ചക്കിട്ടപാറ ടൗണിലെ പണി അപകട ഭീഷണി ഉയർത്തുന്ന വിധത്തിലെന്ന് ആക്ഷേപം. ചെമ്പ്ര റോഡിന്റെ വലതു ഭാഗത്താണ് ഇപ്പോൾ പ്രവർത്തി നടത്തുന്നത്.
അശാസ്ത്രീയമായി പാതയുടെ വീതി നിർണയിച്ച ശേഷം പല ബഹുനില കെട്ടിടങ്ങളുടെയും തറ വെട്ടിയിറക്കിയതാണ് പ്രശ്നമാകുന്നത്. കട മുറികളുടെ ഷട്ടറുകൾ ഇപ്പോൾ പുറത്തേക്കാണുള്ളത്.
തറകളുടെ കല്ലുകൾ ഇളകി വീണ നിലയിലാണ്. റോഡിന്റെ ഇടതു വശത്തുള്ള പല കെട്ടിട ഉടമകളും വീതി നിർണയം ശരിയായി നടത്തി മാത്രമെ ഹൈവേ നിർമിക്കാവു എന്ന ആവശ്യമുയർത്തി ഹൈക്കോടതിയിൽ കേസ് നൽകിയിട്ടുണ്ട്.
അതു കൊണ്ടാവാം 12 മീറ്റർ വീതി ഉറപ്പാക്കാൻ വലതു ഭാഗത്തെ കെട്ടിടങ്ങളുടെ തറ തുരന്ന് ഹൈവേ നിർമാണം നടത്തുന്നതെന്ന് നാട്ടുകാരിൽ സംശയമുയർത്തിയിരിക്കുന്നത്.