ഓവുചാൽ നിർമിച്ചില്ല: റോഡരിക് തകരുന്നു
1602151
Thursday, October 23, 2025 5:18 AM IST
കൂരാച്ചുണ്ട്. റോഡിന് ഓവുചാൽ നിർമിക്കാത്തതിനാൽ മഴവെള്ളത്തിന്റെ കുത്തൊഴുക്കിൽ റോഡിന്റെ ടാറിംഗ് തകരുന്നതായി പരാതി. തലയാട് - കക്കയം പിഡബ്ല്യൂഡി റോഡിലെ കരിയാത്തുംപാറ - ഇരുപത്തെട്ടാംമൈൽ മേഖലയിലെ നിരവധിയിടങ്ങളിലാണ് മഴക്കാലത്തുള്ള ശക്തമായ വെള്ളത്തിന്റെ കുത്തൊഴുക്കിൽ റോഡരിക് തകർച്ചയിലുള്ളത്.
നിർമാണത്തിലിരിക്കുന്ന മലയോര ഹൈവേയുമായി ബന്ധിപ്പിക്കുന്ന പൊതുമരാമത്തിന്റെ അധീനതയിലുള്ള പ്രധാന റോഡാണിത്. കക്കയം, കരിയാത്തുംപാറ, തോണിക്കടവ് എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും കക്കയത്ത് പ്രവർത്തിക്കുന്ന ജലവൈദ്യുത പദ്ധതികളിലേക്കും ബസുകൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ പോകുന്ന തിരക്കേറിയ റോഡാണിത്. വെള്ളത്തിന്റെ ഒഴുക്കിൽ റോഡരിക് ക്രമേണ തകരുകയാണ്.
അടുത്ത കാലത്തായി ഈ റോഡിന്റെ ചില സ്ഥലങ്ങളിൽ കൽവെർട്ടുകൾ നിർമിച്ചിരുന്നു. റോഡിന്റെ സംരക്ഷണം കണക്കിലെടുത്ത് ഓവുചാലുകൾ നിർമിക്കാൻ നടപടി വേണമെന്ന ആവശ്യമാണ് ഉയരുന്നത്.