കടുവ ചത്ത സംഭവം: സ്ഥലം ഉടമയ്ക്കെതിരായ കേസ് പിൻവലിക്കണമെന്ന് സിപിഐ
1264942
Saturday, February 4, 2023 11:41 PM IST
അന്പലവയൽ: പെൻമുടിക്കോട്ടയ്ക്കു സമീപം കടുവ കഴുത്തിൽ കുരുക്കുമുറുകി ചത്ത സംഭവത്തിൽ സ്ഥലം ഉടമ പള്ളിയാലിൽ മാനുവിന്(80) എതിരേ വനം വകുപ്പ് രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, അസിസ്റ്റന്റ് സെക്രട്ടറി പി.എം. ജോയി, ജില്ലാ എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം വി.കെ. ശശിധരൻ, അഷറഫ് തയ്യിൽ, ബിനു ഐസക്, കെ. ആന്റണി, സതിഷ് കരാടിപ്പാറ എന്നിവർ ആവശ്യപ്പെട്ടു.
തോട്ടത്തിൽ ആരോ വച്ച കെണിയിൽപ്പെട്ട് കടുവ ചത്തതിന് വയോധികനെതിരേ കേസെടുത്തത് അംഗീകരിക്കാനാകില്ല. വാർധക്യസഹജമായ രോഗങ്ങൾ അലട്ടുന്ന മാനുവിനോട് മൊഴി നൽകാൻ മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ എത്തണമെന്ന് ആവശ്യപ്പെട്ടത് ക്രൂരതയാണ്.
തന്റെ പുരയിടത്തിൽ കെണി വച്ചയാളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മാനു പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കെണി വച്ചയാൾക്കെതിരേയാണ് വനം വകുപ്പ് കേസെടുക്കേണ്ടത്. വന്യമൃഗങ്ങളെ വനത്തിൽ സംരക്ഷിക്കുന്നതിന് ഉത്തരവാദപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നും സിപിഐ നേതാക്കൾ ആവശ്യപ്പെട്ടു. മാനുവിനെ വീട്ടിൽ സന്ദർശിച്ച നേതാക്കൾ നിയമസഹായം വാഗ്ദാനം ചെയ്തു.